മലപ്പുറം: ഐക്കരപടിയിൽ സ്വകാര്യ ബസിന് നേരെ സ്‌കൂട്ടർ യാത്രികന്റെ ആക്രമണം. ഹെൽമറ്റ് ഉപയോഗിച്ച് ബസിന്റെ ചില്ല് അടിച്ച് തകർത്തു. കൊണ്ടോട്ടി സ്വദേശി ഷംനാദാണ് ഹെൽമറ്റ് ഉപയോഗിച്ച് ബസിന്റെ സൈഡിലെ ചില്ല് അടിച്ച് പൊട്ടിച്ചത്. ബസിലെ സിസിടിവിയിൽ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ബസിന് മുന്നിലായി ഷംനാദ് സ്‌കൂട്ടറിൽ പോവുകയായിരുന്നു. ഇത് ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ ബസ് ഡ്രൈവർ ഹോൺ മുഴക്കി. തുടർന്ന് പ്രകോപിതനായ ഷംനാദ് ബസിന് മുന്നിൽ സ്‌കൂട്ടർ നിർത്തി ഇറങ്ങിവന്ന് ഡ്രൈവറോട് സംസാരിച്ചു. ശേഷം ഹെൽമറ്റുകൊണ്ട് സൈഡിലെ ചില്ല് അടിച്ച് പൊട്ടിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു.