ksrtc

തിരുവനന്തപുരം: പ്രായം ചെന്ന സൂപ്പറുകളും ഫാസ്റ്റ് പാസഞ്ചർ ബസുകളും ഓണത്തിനടുപ്പിച്ച് മാറാനൊരുങ്ങുകയാണ് കെഎസ്‌ആർ‌ടിസി. ടാറ്റയുടെ സൂപ്പർ ഫാസ്റ്റ്,​ ഫാസ്‌റ്റ് പാസ‍ഞ്ചർ ബസുകളുടെ ചിത്രങ്ങൾ കഴിഞ്ഞമാസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ 10.5 മീറ്റർ ഷാസിയിൽ ലെയ്‌ലാൻഡിന്റെ പുത്തൻ ഫാസ്‌റ്റ് പാസഞ്ചർ ലിങ്ക് ബസുകളും ഉടനെ നിരത്തിലിറങ്ങും. പ്രശസ്‌ത വാഹന ബോഡി നിർമ്മാതാക്കളായ പ്രകാശ് വേഗാ ബോഡിയിലാണ് ഫാസ്‌റ്റ് പാസഞ്ചർ ലിങ്ക് ബസുകൾ.

കെഎസ്‌ആർ‌ടിസിയുടെ ഹൈടെക് സൂപ്പർ ഫാസ്റ്റുകളെ അനുസ്‌മരിപ്പിക്കുന്ന കഥകളി രൂപമുള്ള ഡിസൈനാണ് ഇത്തവണ ഉള്ളത്. ആദ്യ ബസുകൾക്കുള്ള പരാതി ഇത്തവണത്തെ ഡിസൈനിൽ കെഎസ്‌ആർടിസി മറികടന്നു എന്നാണ് പ്രതികരണം സൂചിപ്പിക്കുന്നത്. 3.8 ലിറ്റർ എച്ച് സീരീസി ഫോർ സിലിണ്ടർ ടർബോ ഡിഐ എഞ്ചിനാണ് ബസിലുള്ളത്. 150 പിഎസ് പവർ,​ 450 എൻഎം ടോർക്കുമുണ്ട്. ആറ് സ്‌പീഡ് ഓവർഡ്രൈവ് ഗിയർബോക്‌സാണ് ട്രാൻസ്‌മിഷൻ ഒരുക്കുക. കേബിൾ ഷിഫ്‌റ്റ് സംവിധാനത്തോടൊപ്പം എയർ അസിസ്റ്റ് ക്ളെച്ചാണ് ബസിലുള്ളത്. സ്‌ളീപ്പർ,​ മിനി ബസടക്കം 100 പുത്തൻ ബസുകളാണ് കെഎസ്‌ആർ‌ടിസി പുറത്തിറക്കുക. ഓഗസ്‌റ്റ് 22 മുതൽ 24വരെ ഈ പുതിയ ബസുകൾ പൊതുജനങ്ങൾക്ക് കാണാം. വാഹനപ്രദർശനം നടക്കും. പ്രമുഖ വാഹനനിർമ്മാതാക്കളെല്ലാം ഇതിൽ പങ്കെടുക്കും. ലെയ്‌ലാൻഡ് 13.5 മീറ്റ‌ർ ഷാസിയിൽ പ്രകാശ് കാപ്പെല്ല ബോഡിയിൽ ചെയ്‌ത 13.5 മീറ്റർ സ്‌ളീപ്പർ കം സീറ്റർ ബസിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ത്രിവർണ പതാക മാതൃകയിലായിരുന്നു ബസ് ഡിസൈൻ.