adoor-gopalakrishnan

കുറഞ്ഞ ബഡ്ജറ്റിൽ മികച്ച സിനിമകൾ മലയാളത്തിനു സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് ഡോൺ പാലത്തറ. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് വിനയ് ഫോർട്ട് നായക വേഷത്തിലെത്തിയ ഫാമിലി. ശവം, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, 1956 മദ്ധ്യതിരുവിതാംകൂർ തുടങ്ങിയ ചിത്രങ്ങളിലൂടെയും അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ ഡോൺ പാലത്തറ ശ്രദ്ധേയനാണ്. ഇപ്പോഴിതാ ഫിലിം കോൺക്ലേവിന്റെ സമാപനവേദിയിൽ അടൂർ നടത്തിയ വിവാദ പരാമർശങ്ങൾക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഡോൺ പാലത്തറ. ഏകപക്ഷീയമായ അറ്റാക്ക് ആണ് ശ്രീ അടൂരിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ഡോൺ പാലത്തറയുടെ ഫേസ്ബുക്ക് കുറിപ്പ്;

'ഏകപക്ഷീയമായ അറ്റാക്ക് ആണ് ശ്രീ അടൂറിനെതിരേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. “മനുവാദി" എന്നൊക്കയാണ് ഒരാൾ എഴുതിയിരുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്ന് പ്രത്യക്ഷത്തിൽ ഏതായാലും മനുവാദവും വരേണ്യതയുമൊന്നും എനിക്ക് കണ്ടെടുക്കാൻ കഴിഞ്ഞില്ല. അത് എന്റെ പരിമിതി ആവാം. ദളിതനായി ജീവിക്കുന്നതിന്റെ യാഥാർത്ഥ്യങ്ങൾ എത്ര ശ്രമിച്ചാലും എനിക്ക് മനസ്സിലാക്കാൻ കഴിയില്ലായിരിക്കും. ശ്രീ അടൂരിന്റെ ഉദ്ദേശശുദ്ധി അളക്കാൻ ഞാൻ ആളല്ല, അതെന്റെ ജോലിയുമല്ല. എന്നാൽ എന്തുകൊണ്ട് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളിൽ എനിക്ക് വിയോജിപ്പും മറ്റു ചില കാര്യങ്ങളിൽ യോജിപ്പും ഉണ്ട് എന്ന് മാത്രം പറയാം. അദ്ദേഹം, സർക്കാർ സംവിധാനങ്ങൾ സിനിമകൾക്ക് ഫണ്ട് കൊടുക്കുന്നതിനു അനുകൂലമാണ്. അദ്ദേഹം മാത്രമല്ല, ആ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിച്ച ഒട്ടുമിക്ക ആളുകളും അങ്ങനെയാണ് ചിന്തിക്കുന്നത്.

സർക്കാർ സിനിമയെടുക്കാൻ ഫണ്ട് കൊടുക്കുന്നതിനെ പോസിറ്റീവ് ആയി കാണുന്ന ആളല്ല ഞാൻ. രണ്ടാമതായി, സിനിമകൾ ഒന്നുകിൽ “നല്ലത്" അല്ലെങ്കിൽ “മോശം" എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ഞാൻ ആ ബൈനറിയിൽ വിശ്വസിക്കുന്ന ആളല്ല.
അടുത്ത വിഷയം ട്രെയിനിംഗ് ആണ്. സിനിമ ഒരു ക്രാഫ്റ്റ് ആണെന്ന് വിശ്വസിക്കുന്ന ആളുകളിൽ ആണ് ഏതെങ്കിലും തരത്തിൽ പരിശീലനം നേടിയ/ നേടാൻ ശ്രമിക്കുന്ന ആളുകൾ പലരും. അതിൽ അടൂർ ഗോപാലകൃഷ്ണനും, തർക്കോവിസ്കിയും, അങ്ങനെ പല നല്ല ഫിലിം മേക്കേഴ്സും പെടും. എന്നാൽ പിക്കാസോയെപ്പോലെ, കിയരോസ്താമിയെയും, ഓർസോൺ വെൽസിനെയും, സായി മിങ്ങ് ലിയാങ്ങിനെയും ഒക്കെ പോലെ അൺലേണിംഗ് എന്ന പ്രക്രിയയിൽ വിശ്വസിക്കുന്ന കലാകാരന്മാരും ഉണ്ട്. അവിടെയും “എനിക്കെല്ലാം അറിയാം” എന്ന ചിന്തയിൽ നിന്നല്ല തുടക്കം.

എന്നാൽ കോൺക്ലേവിന്റെ കോണ്ടക്സ്റ്റിൽ എനിക്ക് പറയാൻ ഉള്ളത് ട്രെയിനിംഗ് വേണമെന്ന് പൈസ കൊടുക്കുന്ന സർക്കാരിനോ അത് വാങ്ങുന്ന സംവിധായകർക്കോ തോന്നുന്നില്ലെങ്കിൽ അത് ആരിലും അടിച്ചേൽപ്പിക്കാൻ ആർക്കും സാധിക്കില്ല. അടൂർ സാറിനും എനിക്കും നിങ്ങൾക്കുമെല്ലാം അഭിപ്രായം പറയാം. ആളുകൾക്ക് അതിനോട് വിയോജിക്കുകയും ആവാം. ഏത് തരത്തിലുള്ള കലാകാരൻ ആണു താൻ എന്ന് പക്ഷേ പുറത്ത് നിന്ന് പറഞ്ഞ് കൊടുക്കാൻ ആവില്ല. ആളുകൾ സ്വയം തീരുമനിക്കണം.
ഇനിയുള്ള കാര്യങ്ങൾ ശ്രീ അടൂർ ഗോപാലകൃഷ്ണനെക്കുറിച്ചല്ല, സർക്കാരിന്റെ സിനിമാ-ഫണ്ടിങ്ങിനെക്കുറിച്ചാണ്. സർക്കാർ ഫണ്ട് വച്ച് ആളുകൾ സിനിമ ചെയ്യുന്നത് പല തരത്തിൽ പ്രശ്നകരമാണെന്ന് ഞാൻ കരുതുന്നു.


1. പ്രൊഡ്യൂസ് ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂഷന്റെ ജീവിതവീക്ഷണവും കലയെക്കുറിച്ചുള്ള വീക്ഷണവും സിനിമ ചെയ്യുന്ന ആളുടേതുമായി യോജിച്ച് പോകുന്നില്ലെങ്കിൽ അതിൽ ഒരു കക്ഷി അഡ്ജസ്റ്റ് ചെയ്യാൻ ബാദ്ധ്യസ്ഥരാവും, പവറും പണവും സർക്കാരിന്റെ കയ്യിൽ ആവുമ്പോൾ സിനിമാമോഹവുമായി ചെല്ലുന്ന ചലച്ചിത്രകാരൻ ആവും മിക്കവാറും അഡ്ജസ്റ്റ് ചെയ്യേണ്ടി വരിക. എപ്പോഴും ഡയറക്ട് ആയിട്ടാവണമെന്നില്ല ഈ പവർ വർക്ക് ചെയ്യുന്നത്.

2. ആരെങ്കിലും ഏതെങ്കിലും സിനിമ ചെയ്താൽ മതി, സിനിമയുടെ എണ്ണത്തിൽ മാത്രമാണു കാര്യമെങ്കിൽ ഓകെ, അല്ലെങ്കിൽ അധികാരം എന്നും ഒരു വശത്ത് മാത്രമായിരിക്കില്ല എന്നുകൂടെ ഓർക്കുക. ഭരണാധികാരികൾ മാറി വരും, ഭരണകൂടത്തിനെ തൃപ്തിപ്പെടുത്താൻ സുദീപ്തോസെന്നിനെയും, അശുതോഷ് ഗവ്രിക്കറിനെയും പോലുള്ള വ്യക്തികൾ ശ്രമിച്ചുകൊൺറ്റിരിക്കും.


3. ഇനീ ഭാവിയെയും, ഐഡിയോളജിയെയും , കലയെയും എന്നതിലൊക്കെ ഉപരി എല്ലാ വിഭാഗക്കാർക്കും സിനിമ ചെയ്യാൻ അവസരം ഉണ്ടാകുക എന്നതിനാണു പ്രാധാന്യമെങ്കിൽ തിരഞ്ഞെടുപ്പിനു എന്ത് മാനദണ്ഡമാണു ഉപയോഗിക്കുക, കഴിവിനും അറിവിനും മാനദണ്ഡമുണ്ടെങ്കിൽ റ്റ്രെയിനിങ്ങ് സാധു ആണെന്നാണോ?


4. കെ എസ് എഫ് ഡീസിയുടെ ഫണ്ടിങ്ങ് പ്രക്രിയ മനസിലായിട്ടാണ് ശ്രീ അടൂർ 50 ലക്ഷം വീതം ആളുകൾക്ക് കൊടുത്താൽ മതിയെന്ന് പറഞ്ഞതെന്ന് ഞാൻ കരുതുന്നില്ല. ഒരു സംവിധായകനും/സംവിധായികയ്ക്കും 1.5 കോടി രൂപ ഒന്നിച്ചോ ഈവൻ ഗഡുക്കളായോ പൈസ കിട്ടുന്നില്ല. ഒരുപാട് ഉദ്യോഗസ്ഥർ, നൂലാമാലകൾ എന്നിവയിലൂടെ പോകുന്ന ഒരു ടോർച്ചറിങ്ങ് പ്രോസസ് ആണ് അങ്ങനെ സിനിമ ഉണ്ടാക്കൽ എന്ന് നേരിട്ട് ചോദിച്ചാൽ അങ്ങനെ സിനിമ ചെയ്ത പലരും സമ്മതിക്കും. അതിൽ പ്രായോഗികമായി ഉപയോഗിക്കാൻ സാധിക്കുന്ന പൈസ ഒരുപക്ഷേ 50 ലക്ഷത്തിൽ താഴെയാവും എന്നാണ് എന്റെ ധാരണ.


ഇതൊക്കെ കൊണ്ട് തന്നെയാണ്, കലയെ കലയുടെ വഴിക്ക് വിടണം എന്ന് ഞാൻ വിശ്വസിക്കുന്നത്. പിന്നെ, ഇതും ഒരു അഭിപ്രായം ആണ്. ഇരുമ്പുലക്ക ഒന്നുമല്ല, ആർക്കും യോജിക്കാം, വിയോജിക്കാം. കൂടുതൽ എനർജി ഈ വിഷയത്തിൽ കളയാൻ താത്പര്യമില്ല, ഈ ചിന്തകൾ ഒന്നും അന്തിമവും ആവണമെന്നില്ല. എന്നാൽ ഇവിടെ ഈ കുറിപ്പ് ഇടാൻ നിർബന്ധിതനായത് ഒരു സുഹൃത്തിന്റെ പോസ്റ്റിൽ ഞാൻ ഇട്ട മറുപടി, അതിന്റെ കോണ്ടക്ക്സ്റ്റിൽ നിന്ന് അടർത്തി മാറ്റി, തെറ്റിദ്ധരിക്കപ്പെടാവുന്ന ഹെഡിങ്ങോടുകൂടെ ഇവിടെ ഒരു മാദ്ധ്യമം പ്രസിദ്ധീകരിച്ചത് കണ്ടിട്ടാണ്.' -ഡോൺ പാലത്തറ കുറിച്ചു.