reels

ന്യൂഡൽഹി: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മുകളിലിരുന്ന് റീൽസ് ചിത്രീകരിച്ച യുവതിക്കെതിരെ കേസ്. ഗുരുഗ്രാമിലെ ദേശീയ പാതയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ഥാറിന്റെ മുകളിലിരുന്ന് യുവതി റീൽസ് ചിത്രീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഒരു പുരുഷനാണ് വാഹനം ഓടിച്ചിരുന്നത്. സൺറൂഫിലൂടെ മുകളിലേയ്ക്ക് കയറിയ യുവതി എസ്‌യുവിയുടെ മുകളിൽ കയറിയിരിക്കുന്നതും മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവതി ഗതാഗത നിയമങ്ങൾ ലംഘിക്കുക മാത്രമല്ല, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഥാർ പിടിച്ചെടുത്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

പ്രദേശവാസിയായ ഒരാളുടേതാണ് വാഹനം എന്നും ഇയാളുടെ മകനാണ് സംഭവസമയം ഥാർ‌ ഓടിച്ചതെന്നും പൊലീസ് പറഞ്ഞു.കേസ് അന്വേഷണത്തിന്റെ ഭാഗമായി എത്തിയപ്പോൾ ഇയാൾ വീട്ടിലില്ലായിരുന്നു. കുറ്റവാളികളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു. സമൂഹമാദ്ധ്യമങ്ങളിൽ പ്രശസ്തരാവുന്നതിനുവേണ്ടി ഇത്തരത്തിൽ അപകടകരമായ പ്രവൃത്തികളിൽ ഏർപ്പെടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.