lady

വിവാഹം എങ്ങനെയൊക്കെ മോടിപിടിപ്പിക്കാൻ പറ്റുമോ അങ്ങനെയൊക്കെ മോടിപിടിപ്പിക്കാനാണ് ഒട്ടുമിക്കവരും ശ്രമിക്കുന്നത്. ഇങ്ങനെ വിവാഹം കെങ്കേമമാക്കാൻ വസ്ത്രങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. എന്നാൽ വിവാഹശേഷം വധു വസ്ത്രമേ ധരിച്ചില്ലെങ്കിലോ?നൂറ്റാണ്ടുകൾക്ക് മുമ്പുതുടങ്ങിയ ആചാരം ഇപ്പോഴും അതേപടി പിന്തുടരുന്നത് ഹിമാചൽപ്രദേശിലെ മണികരൺ താഴ്‌വരയിലെ പിനി ഗ്രാമത്തിലെ ജനങ്ങളാണ്.

വർഷങ്ങൾക്കുമുമ്പ് നല്ല വസ്ത്രം ധരിച്ച സുന്ദരികളെ ലക്ഷ്യമിടുന്ന ഒരു രാക്ഷസനുണ്ടായിരുന്നു. ഇയാളെ തുരത്തി ലഹുവാ ഘോണ്ട് എന്ന ദേവത ഗ്രാമങ്ങളെ ഇപ്പോഴും സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. വിവാഹംപോലെ ഉത്സവാന്തരീക്ഷത്തിൽ മനോഹരവസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകളെ രാക്ഷസൻ ലക്ഷ്യമിടുന്നുണ്ടെന്നും അതിൽ നിന്ന് രക്ഷപ്പെടാനാണ് വിവാഹശേഷമുള്ള ആദ്യ ആഴ്ച നവവധു വസ്ത്രം പൂർണമായി ഉപേക്ഷിക്കുന്നതെന്നുമാണ് വിശ്വാസം. ഈ സമയം ഭാര്യാഭർത്താക്കന്മാർ പരസ്പരം കാണാനും പാടില്ല. വസ്ത്രം ധരിക്കാത്തതിനാൽ നവവധു മുറിക്കുള്ളിൽ തന്നെ ഈ ദിവസങ്ങൾ കഴിഞ്ഞുകൂടും. ഇക്കാലയളവിൽ വരൻ മദ്യപിക്കുന്നതിനും വിലക്കുണ്ട്. അണുവിടപാേലും വ്യതിചലിക്കാതെ വരനും വധുവും ഈ ആചാരങ്ങൾ പാലിക്കുകയാണെങ്കിൽ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാവുമെന്നാണ് ഇവരുടെ വിശ്വാസം.

പിനി ഗ്രാമത്തിൽ മൺസൂൺ മാസത്തോടനുബന്ധിച്ചും സ്ത്രീകൾ വസ്ത്രം ധരിക്കാത്ത ആചാരം നടക്കുന്നുണ്ട്. മൺസൂൺ മാസമായ സാവനിലെ ആദ്യത്തെ അഞ്ചുദിവസമാണ് ഗ്രാമത്തിലെ സ്ത്രീകൾ ഒരുവസ്ത്രവും ധരിക്കാൻ പാടില്ലാത്തത്. ഇക്കാലയളവിൽ സ്ത്രീകൾ ചിരിക്കാനോ പുരുഷന്മാരുടെ മുന്നിൽ എത്താനേ പാടില്ല. മുഴുവൻ വസ്ത്രങ്ങൾ ഉപേക്ഷിക്കാൻ മടിയുള്ളവർക്ക് പട്ടാസ് എന്ന് പേരുള്ള ചെറിയ കമ്പിളിവസ്ത്രംകൊണ്ട് സ്വകാര്യഭാഗങ്ങൾ പേരിനുവേണ്ടി മറയ്ക്കാം. നല്ല വസ്ത്രങ്ങൾ ധരിച്ച സ്ത്രീകളെ ആക്രമിക്കുകയും അവരുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്യുന്ന രാക്ഷസനിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിത്തന്നെയാണ് ഇങ്ങനെ ചെയ്യുന്നതും. രാക്ഷസനുമേൽ ലഹുവാ ഘോണ്ട് ദേവി നേടിയ വിജയത്തെ ആഘോഷിച്ചാൽ തങ്ങൾക്കും കുടുംബാംഗങ്ങൾക്കും പുരോഗതിയുണ്ടാവുകയും ആചാരങ്ങൾ പാലിക്കാതിരുന്നാൽ ദൈവകോപത്തിന് ഇടയാക്കും എന്നും അവർ വിശ്വസിക്കുന്നു.