വാല്മീകി രാമായണത്തിലെ ഏറ്റവും മികവാർന്ന സ്ത്രീ കഥാപാത്രമാണ് കൗസല്യ. ഉത്തരകോസലം, ദക്ഷിണകോസലം എന്നിങ്ങനെ രണ്ടുരാജ്യങ്ങളിൽ ദക്ഷിണകോസലത്തിലെ രാജകുമാരിയാണ് കൗസല്യ. ഉത്തര കോസലാധിപനായ ദശരഥൻ കൗസല്യയെ വിവാഹം ചെയ്തു. സുശീലയും സൗമ്യവതിയുമാണ്. മാത്രമല്ല കാര്യങ്ങളെ അനുധാവനതയോടെ കാണാനും സങ്കീർണ്ണമായ പ്രശ്നപരിഹാരത്തിന് വേണ്ട സമയത്ത് ഉചിതമായ തീരുമാനം കൈക്കൊള്ളാനുള്ള അവരുടെ പ്രത്യേക ചാതുര്യവും ശ്ലാഘനീയമാണ്.
ദശരഥ മഹാരാജാവിന്റെ ധർമ്മപത്നിയും പട്ടമഹിഷിയുമായി അവർ വർഷങ്ങളോളം ജീവിച്ചു. അതിനിടയിൽ കുട്ടികളുണ്ടാവത്തതുകൊണ്ട് ദശരഥൻ കാശി രാജാവിന്റെ മകൾ സുമിത്രയെ വിവാഹം ചെയ്തു. അതിലും കുഞ്ഞുങ്ങളുണ്ടാവാത്തതിനാൽ കേകയ രാജ്യത്തെ രാജാവിന്റെ മകൾ കൈകേയിയെ മൂന്നാമതും പാണിഗ്രഹണം ചെയ്തു. അതീവസുന്ദരിയായ കൈകേയി വന്നപ്പോൾ അവളോട് രാജാവിന് പ്രിയം കൂടുതലാണ് എന്നൊരു ധാരണ പരക്കെയുണ്ടായി എങ്കിലും പുത്രകാമേഷ്ടിയിലൂടെ പുത്രവതികളായ മൂവരും ഏറെക്കുറെ സഹവർത്വിത്തോടെയാണ് മുന്നോട്ടു പോയത്.
രാമനെ യുവരാജാവായി അഭിഷേകം ചെയ്യേണ്ട സമയമായപ്പോൾ കൗസല്യ രാമന്റെ ഐശ്വര്യത്തിനായി പ്രത്യേക ലക്ഷ്മീ പൂജയും പ്രാർത്ഥനയും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് രാമനെ യുവരാജാവായി മഹാരാജാവ് പ്രഖ്യാപിച്ച വിവരവുമായി ഭൃത്യന്മാർ വരുന്നത്. വിവരമറിഞ്ഞ സ്നേഹനിധിയായ അമ്മ ഏറെ സന്തോഷിക്കുന്നുണ്ടെങ്കിലും, 'കാമുകനല്ലോ നൃപതി ദശരഥൻ, കാമിനി കൈകേയി ചിന്തമെന്തീശ്വരാ..' എന്ന് അതിയായി ഉത്കണ്ഠപ്പെടുന്നുണ്ട്. ആശങ്കപ്പെട്ടതുപോലെ തന്നെ സംഭവിച്ചു. യുവരാജാ കിരീടം രാമന്റെ തലയിൽ നിന്ന് തെറിച്ചുപോയി എന്നുമാത്രമല്ല. പതിനാലുവർഷത്തെ വനവാസവും അനുഭവിക്കണം. ഒരമ്മയ്ക്ക് ഇതിൽപ്പരം ദുഃഖം മറ്റെന്താണ് ?
പിതാവിന്റെ സത്യപരിപാലനത്തിനായി കാട്ടിലേക്ക് പോകുന്ന കാര്യം രാമൻ പറഞ്ഞപ്പോൾ ആ അമ്മ പൊട്ടിക്കരയുന്നു. യുക്തിവാക്കുകൾ കൊണ്ട് രാമൻ മാതാവിന് ആശ്വാസം പകരുന്നുണ്ടെങ്കിലും വാത്സല്യാതിരേകത്താൽ കൗസല്യ വളരെ രോഷാകുലയാകുന്നുണ്ട്. പിന്നീട് രാമവിയോഗത്തിൽ അതീവ ഖിന്നനായിരിക്കുന്ന ദശരഥനെ നിർദ്ദയം വാക്ശരങ്ങൾ കൊണ്ട് ആക്രമിക്കുന്നുമുണ്ട് മാതൃസ്നേഹത്തിന്റെ പ്രതിരൂപമായ കൗസല്യ.വേദനകളുടെ പാരമ്യതയിൽ കൈകേയിയേയും വെറുതെ വിടുന്നില്ല രാമധരിത്രി!
ദശരഥൻ മരിച്ചുകഴിയുമ്പോൾ ചിത്രങ്ങളെല്ലാം മാറിമറിഞ്ഞെങ്കിലും രാമായണത്തിലെ ഏറ്റവും ദുഃഖഭരിതമായ ഒരു സന്ദർഭമാണ് കൗസല്യയിലൂടെ കടന്നുപോകുന്നത്! പുത്രവാത്സല്യവും മാതൃസ്നേഹവും ഒരമ്മയുടെ ഹൃദയത്തിൽ നിന്ന് എങ്ങനെയാണ് ഊറിവരുന്നതെന്ന് ഏറ്റവും ഹൃദയാർദ്രതയോടെയാണ് ആദികവി വരച്ചുവച്ചിരിക്കുന്നത്!
(ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി യാണ് സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി)