petrol-pump

പെട്രോൾ പമ്പുകളിൽ നടക്കുന്ന പല തരത്തിലുള്ള തട്ടിപ്പുകൾ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. അത്തരത്തിൽ താൻ കബളിപ്പിക്കപ്പെട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു യുവാവ്. ഗുഡ്ഗാവിലാണ് സംഭവം. 8,000 രൂപ നഷ്ടമായതിനെക്കുറിച്ചാണ് യുവാവ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

'ഒരു പെട്രോൾ പമ്പിൽ ടയർ തട്ടിപ്പിനിരയായി' എന്ന അടിക്കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'വണ്ടിയോടിക്കുന്നതിനിടയിൽ ലോ ടയർ പ്രഷർ എന്ന് പറഞ്ഞുകൊണ്ട് എനിക്ക് നോട്ടിഫിക്കേഷൻ ലഭിച്ചു. പരിശോധിച്ചപ്പോൾ ടയർ പഞ്ചറാണെന്ന് മനസിലായി. ഉടൻ സമീപത്തെ പെട്രോൾ പമ്പിലെത്തി. ജീവനക്കാരൻ ടയർ പരിശോധിക്കുകയും സമഗ്രമായ പരിശോധനയ്ക്കായി ടയർ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അയാൾ സോപ്പ് വെള്ളം തളിച്ച് ടയർ ബ്രഷ് ചെയ്യുകയും മറ്റും ചെയ്തു. വ്യത്യസ്ത ഭാഗങ്ങളിൽ കുമിളകൾ രൂപപ്പെടുന്നത് കാണിച്ചുതന്നു. ടയറിന് നാലിടത്ത് പഞ്ചറുകൾ ഉണ്ടെന്ന് അയാൾ പറഞ്ഞു. ഇതിന് പാച്ച് ചെയ്യാൻ മാത്രം 1200 രൂപ ചെലവാകുമെന്നും പറഞ്ഞു. എന്നാൽ അയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി. അതുകൊണ്ട് അറ്റകുറ്റപ്പണി നടത്തേണ്ടെന്ന് തീരുമാനിച്ചു.

പിന്നീട് മറ്റൊരു കടയിൽ പോയപ്പോൾ, ടയറിൽ ഒരു പഞ്ചർ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ പെട്രോൾ പമ്പ് ജീവനക്കാരൻ മനഃപൂർവ്വം ഉണ്ടാക്കിയതായിരിക്കാമെന്നും ഒരു ടെക്നീഷ്യൻ പറഞ്ഞു. ടയർ തട്ടിപ്പുകാർ വ്യാജ പഞ്ചറുകൾ സൃഷ്ടിക്കാനും ഉപഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കാനും സാധാരണയായി ഉപയോഗിക്കുന്ന ഒരു ഉപകരണത്തെക്കുറിച്ച് ടെക്നീഷ്യൻ അറിയിച്ചു. ഒടുവിൽ 8000 കൊടുത്ത് ടയർ മാറ്റേണ്ടിവന്നു. ഞാൻ ചെയ്ത തെറ്റ് നിങ്ങൾ ചെയ്യരുത്. ശ്രദ്ധിക്കണം. മുന്നറിയിപ്പ് നൽകാൻ നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഈ വീഡിയോ പങ്കിടുക'-യുവാവ് പറഞ്ഞു.

View this post on Instagram

A post shared by Pranay Kapoor (@pranaykapooor)