വിനോദസഞ്ചാരത്തിന് പറ്റിയ പല നഗരങ്ങളും ഇന്ത്യയിലുണ്ട്. ചിലർ കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്യുന്നതെങ്കിൽ മറ്റുചിലർ സാഹസികയാത്രയാണ് ഇഷ്ടപ്പെടുന്നത്. വിചിത്രവും ഭയപ്പെടുത്തുന്നതുമായ ചില സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുമുണ്ട്. ഇതുപോലുള്ള സ്ഥലങ്ങൾ തേടിപ്പോകുന്ന ധാരാളം സാഹസികരുണ്ട്. അത്തരത്തിലൊരാളാണ് നിങ്ങളെങ്കിൽ കാണാൻ പറ്റിയ, മനസിൽ ഭയം തോന്നുന്ന നഗരങ്ങൾ പരിചയപ്പെടാം.
ഉധംപൂർ ആർമി ബേസ്, കാശ്മീർ - യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട നിരവധി സൈനികരുടെ ആത്മാക്കൾ ഇപ്പോഴും ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്. സ്ഥലത്ത് നിന്ന് ചില നിലവിളികൾ കേൾക്കാറുണ്ടെന്നും പറയപ്പെടുന്നു.
ശനിവാർ വാഡ പാലസ്, പൂനെ - ഈ കൊട്ടാരത്തിലെ യുവ രാജകുമാരനെ ഒരു സംഘമെത്തി കൊലപ്പെടുത്തിയെന്നാണ് കഥ. എന്നെ രക്ഷിക്കൂ എന്ന് അലറിവിളിച്ചുകൊണ്ട് കൊട്ടാരത്തിലൂടെ ഓടുന്ന രാജകുമാരന്റെ പ്രേതം ഇപ്പോഴും കൊട്ടാരത്തിലുണ്ടെന്നാണ് വിശ്വാസം. മാത്രമല്ല, കൊട്ടാരത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ആറുപേരുടെ ആത്മാവും അവിടെ കറങ്ങിനടപ്പുണ്ടെന്നും പറയപ്പെടുന്നുണ്ട്. വൈകിട്ട് ആറ് മണി വരെയാണ് ഇവിടെ സന്ദർശകരെ അനുവദിക്കുക.
നാഷണൽ ലൈബ്രറി കൊൽക്കത്ത - ഈ ലൈബ്രറിയിൽ ബ്രിട്ടീഷ് ഗവർണർ ജനറൽ ചാൾസ് മെറ്റ്കാഫിന്റെ പ്രേതമുണ്ടെന്നാണ് പറയുന്നത്. പ്രേതം ചിലപ്പോൾ പുസ്തകങ്ങളുടെ താളുകൾ മടക്കുകയും ചിലപ്പോൾ ബുക്കുകൾ റാക്കിൽ നിന്ന് താഴേക്ക് മറിച്ചിടുകയും ചെയ്യാറുണ്ടെന്നും പറയപ്പെടുന്നു.
കുന്ദൻബാഗ്, ഹൈദരാബാദ് - ഇവിടെ ഉയർന്ന പ്രദേശത്തെ ബംഗ്ലാവിൽ മോഷ്ടിക്കാനായി ഒരു കള്ളൻ കയറി. എന്നാൽ, ഒരു അമ്മയുടെയും മകളുടെയും ജീർണിച്ച മൃതദേഹമാണ് അയാൾ അവിടെ കണ്ടത്. പൊലീസെത്തി നടപടികൾ സ്വീകരിച്ചു. പക്ഷേ, ഇപ്പോഴും അവിടെ കുട്ടികൾ കളിക്കുന്നതിന്റെ ശബ്ദം കേട്ടുവെന്നും അമ്മ മുറികളിലൂടെ നടക്കുന്നത് കാണാറുണ്ടെന്നും സമീപത്ത് താമസിക്കുന്നവർ പറയുന്നു. ഇത് കേൾക്കാനായി നിരവധിപേർ ഇവിടെ എത്താറുണ്ട്.