വിവിധ ഭാഷകളിലായി ബിഗ് ബോസിന്റെ അടുത്ത സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണുള്ളത്. മലയാളത്തിലെ ബിഗ് ബോസി സീസൺ 7 അടുത്തിടെയാണ് ആരംഭിച്ചത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ 19 മത്സരാർത്ഥികളാണുള്ളത്. സൽമാൻ ഖാൻ അവതാരകനായി എത്തുന്ന ഹിന്ദി പതിപ്പ് ഓഗസ്റ്റ് 24ന് ആണ് ആരംഭിക്കുന്നത്. ഇപ്പോഴിതാ ഹിന്ദി ബിഗ് ബോസിലേക്ക് കോടികൾ വാഗ്ദാനം ചെയ്തിട്ടും നിരസിച്ച ഒരു നടിയുടെ വാർത്തയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
ജർമൻ ഇറാനിയൻ നടിയായ എൽനാസ് നോറൗസിക്ക് ആറ് കോടി രൂപയാണ് ബിഗ് ബോസ് ടീം വാഗ്ദാനം ചെയ്തത്. എന്നാൽ താൻ ഇത്തവണ ബിഗ് ബോസിലേക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് നടി. അതിനുള്ള കാരണവും നടി വ്യക്തമാക്കുന്നുണ്ട്. ആമസോൺ പ്രൈമിന്റെ ദി ട്രെയ്‌റ്റേഴ്സിലാണ് നടി അവസാനമായി അഭിനയിച്ചത്. കരാറൊപ്പിട്ട ചില പ്രൊജക്ടുകൾ ബാക്കിയുള്ളതിനാലാണ് ബിഗ് ബോസ് ഷോ നിരസിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആറ് കോടി രൂപയാണ് ബിഗ് ബോസ് ടീം താരത്തിന് വാഗ്ദാനം ചെയ്തത്. എന്നാൽ താരം ഇപ്പോൾ അടുത്ത ചിത്രമായ മസ്തി 4ന്റെ ഷൂട്ടിന് വേണ്ടി ലണ്ടനിലാണ്. അതിന് ശേഷം ജോൺ എബ്രഹാം നായകനായി എത്തുന്ന 'ടെഹ്റാൻ' എന്ന ചിത്രത്തിന്റെ ഭാഗമാകും. എൽനാസ് പണത്തിന്റെ വലുപ്പമല്ല ചെയ്യുന്ന ജോലിയുടെ ഗുണനിലവാരത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നടിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു.
'ഒരു നടിയെ സംബന്ധിച്ച് ബിഗ് ബോസ് വലിയ വിസിബിലിറ്റി നൽകുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ എൽനാസ് തന്റെ ജോലിയുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. പുതിയ പ്രൊജക്ടുകൾ തിരഞ്ഞെടുക്കുന്നതിൽ എൽനാസ് വളരെ സെലക്ടീവാണ്. ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സിനിമയിലാണ്. ഏറ്റെടുത്ത ഒട്ടേറെ പ്രതിബദ്ധതകൾ ഇപ്പോഴുണ്ട്'- എൽനാസിന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ഒട്ടേറെ വിവാദത്തിൽ അകപ്പെട്ട നടി കൂടിയാണ് എൽനാസ്. 2022ൽ ഇറാനിലുണ്ടായ വുമൺ ലൈഫ് ഫ്രീഡം മൂവ്‌മെന്റ്' പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നു എൽനാസ്. ഇറാൻ സർക്കാരിനെതിരെയും സദാചാര പൊലീസിനെയും അപലപിച്ച എൽനാസ് അന്ന് പ്രതികരിച്ച രീതി ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വസ്ത്രം ധരിച്ചെത്തിയ എൽനാസ് ടോപ് ലെസ് ആകുന്ന വീഡിയോ പോസ്റ്റ് ചെയ്താണ് പ്രതിഷേധിച്ചത്.