മുംബയ്: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാസം മൂന്നാം വാരം പ്രഖ്യാപിക്കും. ഇത്തവണ ആരൊക്കെ ടീമിൽ ഇടം പിടിക്കുമെന്ന് ആരാധകർ വളരെ ആവേശത്തോടെയാണ് ഉറ്റു നോക്കുന്നത്. സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ സ്ഥാനം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഋഷഭ് പന്തിന്റെ പരിക്കും ഐപിഎല്ലിലെ ഇഷാൻ കിഷന്റെ മോശം പ്രകടനവും സഞ്ജുവിന്റെ സാധ്യതകൾ വർദ്ധിപ്പിക്കുന്നുണ്ട്. ഐപിഎല്ലിൽ ആർസിബിക്കു വേണ്ടി തിളങ്ങിയ ജിതേഷ് ശർമ്മ രണ്ടാം വിക്കറ്റ് കീപ്പറായി എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ഓപ്പണർമാരായി ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, അഭിഷേക് ശർമ്മ എന്നിവരെ പരിഗണിച്ചേക്കും.
ഇതിൽ മദ്ധ്യനിരയിൽ എത്തുന്നത് ക്യാപ്റ്റനായ സൂര്യകുമാർ യാദവാണ്. സഞ്ജു സാംസണിന് മൂന്നാം നമ്പറിൽ അവസരം ലഭിച്ചാൽ നാലാം നമ്പറിൽ സൂര്യ ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.ശ്രേയസ് അയ്യർ ഇന്ത്യൻ ട്വന്റി 20 ടീമിലേക്ക് വരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും മിന്നുന്ന പ്രകടനമാണ് അയ്യർ ഐപിഎല്ലിൽ കാഴ്ചവച്ചത്. 17 മത്സരങ്ങളിൽ നിന്ന് 604 റൺസാണ് അദ്ദേഹത്തിന്റെ സ്കോർ. തിലക് വർമ്മ, ഹാർദ്ദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ തിരിച്ചെത്തിയാൽ റിങ്കു സിംഗ് ടീമിൽ തുടരുമോ എന്ന കാര്യത്തിൽ സംശയമാണ്. ഐപിഎല്ലിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ മോശം പ്രകടനം ടീമിൽ തുടരാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഐപിഎല്ലിൽ 559 റൺസ് നേടിയ യശസ്വി ജയ്‌സ്വാൾ ഏഷ്യാ കപ്പിനായി ടീമിലേക്ക് തിരിച്ചു വന്നാൽ സഞ്ജുവിനെ മദ്ധ്യനിരയിലേക്ക് മാറ്റിയേക്കാം. അതേസമയം, ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ മൂന്ന് സെഞ്ച്വറികൾ നേടിയ സഞ്ജുവിനെ ഓപ്പണിംഗ് സ്ഥാനത്ത് നിന്ന് മാറ്റുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം നൽകിയാൽ പേസ് ലൈനിനെ നയിക്കുന്നത് അർഷ്ദീപ് സിംഗായിരിക്കുമെന്നാണ് സൂചന. സ്പിൻ ബൗളർമാരായി വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബർ ഒമ്പതിന് യുഎഇയിലാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. സെപ്തംബർ പത്തിന് യുഎഇയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.