ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അനുഭവങ്ങളിൽ ഒന്നായിരിക്കും പങ്കാളിയുമായി വേർപിരിയുന്ന അവസ്ഥ. ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കിയാൽ അതിന് പരിഹാരവുമുണ്ട്. ഒരു ബന്ധം അവസാനിക്കുമ്പോൾ നിങ്ങൾ സ്നേഹിച്ച വ്യക്തിയെ മറക്കാനും മുന്നോട്ട് പോകാനും പ്രയാസമായിരിക്കും. ഇത് സംഭവിക്കുന്നത് എന്തുകൊണ്ട്? വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ മുൻ പങ്കാളിയെ മറക്കാൻ കഴിയാത്തതിന് ഒട്ടേറെ കാരണങ്ങളുണ്ട്.
വേർപിരിഞ്ഞത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ടാണ് പ്രധാന കാരണം. ആശ്വാസവും സുരക്ഷിതത്വവും ലഭിച്ചിരുന്ന ഒരു ബന്ധം അവസാനിക്കുമ്പോൾ നികത്താൻ പ്രയാസമുള്ള ഒരു ശൂന്യതയായിരിക്കും നിങ്ങളിൽ അവശേഷിപ്പിക്കുക. പ്രണയ ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ പുറത്തുവരുന്ന ഡോപാമൈൻ, സെറോടോണിൻ, ഓക്സിടോസിൻ തുടങ്ങിയ സന്തോഷം തരുന്ന രാസവസ്തുക്കളെ തലച്ചോർ പുറത്തുവിടും. തലച്ചോറിന് ഇത് ലഭിക്കാതെ വരുമ്പോൾ അവ നിങ്ങളുടെ സന്തോഷത്തെ നല്ലപോലെ ബാധിക്കും.
പങ്കിട്ട അനുഭവങ്ങളുടെ നഷ്ടവും വേർപിരിയലിനൊപ്പം വരുന്ന ജീവിതശൈലിയിലെ മാറ്റങ്ങളും മറ്റ് കാരണങ്ങളാണ്. ശരിയായ അന്ത്യമോ ആശയവിനിമയമോ ഇല്ലാതെ അവസാനിക്കുന്ന ബന്ധങ്ങൾ പങ്കാളിയിൽ കുറ്റബോധം, ദുഃഖം, ദേഷ്യം എന്നിവ തോന്നാൻ ഇടയാക്കും. ചില സന്ദർഭങ്ങളിൽ അനാരോഗ്യകരമായ ബന്ധങ്ങൾ സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുന്നതിലേക്കും നയിച്ചേക്കാം. ഇത് മുന്നോട്ട് പോകുംതോറും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
വേർപിരിയലുകൾ വേദനയുണ്ടാക്കുന്ന കാര്യമാണെങ്കിലും അവ നിങ്ങളെ സ്വയം കണ്ടെത്താനും വളരാനും അവസരമൊരുക്കുക കൂടി ചെയ്യുന്നു. സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയോ, പ്രിയപ്പെട്ടവരുമായി വികാരങ്ങൾ പങ്കിടുന്നതിലൂടെയോ, ആശങ്കകൾ എഴുതിവയ്ക്കുകയോ ചെയ്യുമ്പോൾ നിങ്ങൾക്ക് സുഖം പ്രാപിക്കാനും മുന്നോട്ട് പോകാനും കഴിയും. എല്ലാറ്റിനും സമയം, ക്ഷമ, പിന്തുണ എന്നിവ ആവശ്യമാണ്. ഇതിലൂടെ എല്ലാ വേദനയെയും മറികടന്ന് പുതുതായി തുടങ്ങാൻ കഴിയും.