ramesh-chennithala

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന് അധികാരത്തിൽ തുടരാനുളള ധാർമികത നഷ്ടപ്പെട്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീണാ ജോർജ് ആരോഗ്യവകുപ്പിനെ കുളമാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു, മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സത്യം പുറത്തുകൊണ്ടുവന്ന ഡോക്ടറെ ഇതുപോലെ ഹരാസ് ചെയ്യാൻ പാടുണ്ടോ? കള്ളങ്ങൾ പറഞ്ഞുപറഞ്ഞ് അവസാനം മാപ്പ് പറഞ്ഞ് തടി ഊരാൻ ശ്രമിക്കുകയാണ് മന്ത്രി. സിസ്റ്റത്തിന്റെ തകരാർ അല്ല മന്ത്രിയുടെ തകരാറാണ്. ആരോഗ്യ വകുപ്പ് ഒന്ന് നന്നാക്കാൻ അഞ്ചുവർഷമായിട്ടും എൽഡിഎഫിന് കഴിഞ്ഞിട്ടില്ല. ആശുപത്രികളിൽ പാരസെറ്റമോൾ പോലുമില്ല'- അദ്ദേഹം പറഞ്ഞു.

അതേസമയം, വീണാ ജോർജിനെതിരായ പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യമന്ത്രിക്ക് പ്രത്യേക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ആരോഗ്യ മന്ത്രി പങ്കെടുത്ത ആലപ്പുഴ ജില്ലയിലെ പരിപാടികളിൽ മന്ത്രിക്കൊപ്പം കൂടുതൽ പൊലിസുകാരെ നിയോഗിച്ചിരുന്നു. ആലപ്പുഴ ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ 15 അംഗ പൊലിസ് സംഘമാണ് മന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നത്.