പീരുമേട്: മദ്ധ്യകേരളത്തിലേക്ക് തേങ്ങയെത്തുന്ന തേനിയിലെ തെങ്ങുകളിൽ ഇപ്പോൾ വിളയുന്നത് കരിക്ക് മാത്രം. കരിക്കിന് ആവശ്യക്കാർ കൂടിയതോടെയാണ് തേങ്ങ മൂപ്പെത്തും മുമ്പ് കരിക്കായി തന്നെ വെട്ടിവിൽക്കുന്നത്. കേരളത്തിൽ തേങ്ങയ്ക്ക് തെങ്ങോളം പൊക്കത്തിൽ വില ഉയരുന്നതിന് പ്രധാന കാരണവും ഇതാണ്.വർഷങ്ങളായി ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലേക്ക് ആവശ്യമായ കരിക്കും തേങ്ങയും എത്തുന്നത് തമിഴ്നാട്ടിലെ തേനി ജില്ലയിൽ നിന്നാണ്. കമ്പം, ഗൂഡല്ലൂർ, പാളയം, ഉത്തമപാളയം, ചിന്നമന്നൂർ, സുരുളിപ്പട്ടി, ആണ്ടിപ്പട്ടി, തേനി തുടങ്ങിയ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ഹെക്ടർ സ്ഥലത്ത് തെങ്ങ് കൃഷി ചെയ്യുന്നുണ്ട്. ഇവിടെ തെങ്ങിൻ തോട്ടത്തിൽ നിന്ന് ശേഖരിക്കുന്ന കരിക്ക് മൊത്ത കച്ചവടക്കാർ എടുത്ത് ഒന്നും രണ്ടും കൈമറിഞ്ഞാണ് കേരളത്തിൽ എത്തുന്നത്. ശബരിമല സീസണിൽ റോഡരികിൽ വ്യാപകമായി കരിക്ക് കച്ചവടം നടത്താറുണ്ട്.
കരിക്ക് അഞ്ചും ആറും മാസം കൊണ്ട് വെട്ടിയെടുക്കാം. ആവശ്യക്കാർ കൂടുമ്പോൾ നാലരമാസമാകുമ്പോൾ തന്നെ വെട്ടി വിൽക്കാറുണ്ട്. ഒരു അച്ചിങ്ങ തേങ്ങയായി മൂപ്പെത്താൻ 11 മാസം വേണം. ഈ സമയം കൊണ്ട് രണ്ട് കരിക്ക് വിൽക്കാം. ഇത് കർഷകനും ഇടനിലക്കാർക്കും കച്ചവടക്കാർക്കും ഇരട്ടി വരുമാനമുണ്ടാക്കുന്നു. അവർ നേട്ടം കൊയ്യുമ്പോൾ ഇവിടത്തെ ഉപഭോക്താവിന്റെ പോക്കറ്റ് ചോരും. കേരളത്തിലെ സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് തകിടം മറിയും. ഓണക്കാലമാകുമ്പോഴേക്കും തേങ്ങ വില ഇനിയും ഉയരാനാണ് സാദ്ധ്യത.
തമിഴ്നാട്ടിലും വില കൂടുന്നു
തേനിക്ക് സമീപമുള്ള തെങ്ങിൻ തോട്ടങ്ങളിൽ ഇപ്പോൾ കരിക്കിന്റെയും തേങ്ങയുടെയും വില ഉയർന്നിട്ടുണ്ട്. മുമ്പ് 20- 25 രൂപയ്ക്ക് കിട്ടിയിരുന്ന കരിക്കിന് അവിടെ ഇപ്പോൾ 28- 30 രൂപ വരെ വിലയായി. ഒരു കിലോ പച്ചതേങ്ങ ഒരു മാസം മുമ്പ് വരെ തേനിയിലും കമ്പത്തും കർഷകർ 45 രൂപ വിലയ്ക്ക് വിറ്റിരുന്നു. ഇപ്പോഴത് 70- 75 രൂപയായി വർദ്ധിച്ചു.