fort

 എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാം

തിരുവനന്തപുരം: എപ്പോൾ വേണമെങ്കിലും പൊളിഞ്ഞു വീഴാം, ആർക്കുവേണമെങ്കിലും അപകടം സംഭവിക്കാം. അത്രമാത്രം അപകടാവസ്ഥയിലാണ് കിഴക്കേകോട്ടയിലെ ഗാന്ധിപാർക്കിന് സമീപത്തെ ആറ്റുകാൽ, ​നേമം റൂട്ടിലേക്കുള്ള ബസ് ഷെൽട്ടർ. നഗരസഭയും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള തർക്കം കാരണം പുനർനിർമ്മാണത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ആർക്കെങ്കിലും അപകടം സംഭവിക്കുന്നതിന് മുമ്പ് ഷെൽട്ടർ നവീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 സ്റ്റാൻഡ് നിർമ്മിച്ചിട്ട് ....... 15 വർഷം

 എപ്പോൾ വേണമെങ്കിലും നിലം പൊത്താം

തകരഷീറ്റിട്ട മേൽക്കൂര മഴ പെയ്താൽ ചോർന്നൊലിക്കും. തൂണുകൾ തുരുമ്പെടുത്തു. ആറ്റുകാൽ,കരമന,പ്രാവച്ചമ്പലം,നേമം ഭാഗങ്ങളിലേക്ക് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് ഈ ഭാഗത്താണ്. നിരവധി കടകളും ഇവിടെ പ്രവർത്തിക്കുന്നു. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് നഗരസഭയാണ് ഈ സ്റ്റാൻഡ് നിർമ്മിച്ചത്. ശേഷം നവീകരണം ഉണ്ടായിട്ടില്ല. അത് നഗരസഭയുടെ പരിധിയിലാണെന്ന് കെ.എസ്.ആർ.ടി.സി പറയുന്നത്. എന്നാൽ നഗരസഭ ഇത് അംഗീകരിക്കുന്നില്ല.

 ടോയ്‌ലെറ്റിനും തർക്കം

കിഴക്കേകോട്ട ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി ടോയ്ലെറ്റില്ല. നോർത്ത് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന ടോയ്ലെറ്റ് അടച്ചിട്ടിരിക്കുകയാണ്. നടത്തിപ്പിന്റെ കാര്യത്തിൽ നഗരസഭയും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള തർക്കമാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.

മനുഷ്യാവകാശ കമ്മിഷൻ സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്. പദ്മനാഭ തിയേറ്ററിനോട് ചേർന്ന് മുമ്പ് ഒരു ടോയ്‌ലെറ്റ് പ്രവർത്തിച്ചിരുന്നു.അതും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്ക് ഗ്യാരേജിനുള്ളിൽ സൗകര്യമുണ്ട്. എന്നാൽ അവിടെയും വൃത്തിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്.