തിരുവനന്തപുരം: ചില കൂടിച്ചേരലുകൾ ചരിത്രം സൃഷ്ടിക്കാനാണ്. ഇപ്പോഴിതാ കേരള ക്രിക്കറ്റ് ലീഗിന്റെ പരസ്യത്തിന് വേണ്ടി മലയാളത്തിന്റെ ഇതിഹാസ കൂട്ടുകെട്ട് ഒന്നിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ പിറന്നത് പുതിയ റെക്കോർഡുകൾ. താരരാജാവ് മോഹൻലാലും, സംവിധായകൻ ഷാജി കൈലാസും, നിർമ്മാതാവ് സുരേഷ് കുമാറും ഒന്നിച്ചപ്പോൾ അത് പ്രേക്ഷകർക്ക് സമ്മാനിച്ചത് ഒരു 'സിനിമാറ്റിക് സിക്സർ' തന്നെയാണ്. ഇൻസ്റ്റഗ്രാമിൽ റിലീസ് ചെയ്ത് വെറും 36 മണിക്കൂർ പിന്നിട്ടപ്പോൾ വീഡിയോ കണ്ടവരുടെ എണ്ണം 20 ലക്ഷം കടന്നു. പുറത്തിറങ്ങി ആദ്യ 24 മണിക്കൂറിൽ തന്നെ 10 ലക്ഷം കാഴ്ചക്കാരെ നേടിയ പരസ്യം, അടുത്ത 12 മണിക്കൂറിനുള്ളിൽ ഇരട്ടിയോളം പേർ കണ്ടതോടെയാണ് പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.
പ്രശസ്ത സംവിധായകൻ ഗോപ്സ് ബെഞ്ച്മാർക്കിന്റെ മേൽനോട്ടത്തിൽ ഒരുങ്ങിയ പരസ്യം ക്രിക്കറ്റിന്റെ ആവേശവും സിനിമയുടെ ഗ്ലാമറും സമന്വയിപ്പിക്കുന്നതിൽ നൂറുശതമാനം വിജയിച്ചു. സിനിമാ ലൊക്കേഷന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന പരസ്യത്തിൽ മോഹൻലാലിന്റെ സ്വാഭാവിക അഭിനയവും സ്‌ക്രീൻ പ്രസൻസും തന്നെയാണ് പ്രധാന ആകർഷണം. വർഷങ്ങൾക്ക് ശേഷം 'ആറാം തമ്പുരാൻ' എന്ന എക്കാലത്തെയും വലിയ ഹിറ്റ് സിനിമയുടെ അണിയറശില്പികൾ ക്യാമറയ്ക്ക് മുന്നിൽ ഒന്നിക്കുന്നു എന്ന കൗതുകമാണ് പരസ്യത്തെ വൈറലാക്കിയത്.
പരസ്യചിത്രം നേടിയ ഈ വമ്പൻ സ്വീകാര്യത വരാനിരിക്കുന്ന കെസിഎൽ മത്സരങ്ങൾക്കായുള്ള കാത്തിരിപ്പിന്റെ ആവേശം വാനോളം ഉയർത്തിയിരിക്കുകയാണ്. കളിക്കളത്തിലെ തീപാറും പോരാട്ടങ്ങൾക്ക് ഗംഭീരമായ ഒരു തുടക്കമാണ് പരസ്യം നൽകിയിരിക്കുന്നത്.