വാഷിംഗ്ടൺ: അമേരിക്കൻ ബഹിരാകാശ സഞ്ചാരി ജിം ലവൽ (97) ഇനി ഓർമ്മ. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇലിനോയിയിലെ ലേക്ക് ഫോറസ്റ്റിലുള്ള വസതിയിലായിരുന്നു അന്ത്യം. മനുഷ്യനെ ആദ്യമായി ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ച നാസയുടെ അപ്പോളോ 8 ദൗത്യത്തിലെ കമാൻഡ് മോഡ്യൂൾ പൈലറ്റായിരുന്നു.
1968ലെ അപ്പോളോ 8 ദൗത്യത്തിൽ ഫ്രാങ്ക് ബോർമാൻ, വില്യം ആൻഡേഴ്സ് എന്നിവരും ലവലിനൊപ്പമുണ്ടായിരുന്നു. ചന്ദ്രനെ ചുറ്റുന്ന ആദ്യ മനുഷ്യരെന്ന നേട്ടം മൂവരും സ്വന്തമാക്കി. ചാന്ദ്ര ഭ്രമണപഥത്തിൽ നിന്നുള്ള ഭൂമിയുടെ ചിത്രവും പകർത്തി. 1970ലെ അപ്പോളോ 13 ദൗത്യത്തിന്റെ കമാൻഡറായിരുന്നു. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള മൂന്നാമത്തെ ദൗത്യമായിരുന്നു ഇത്. യാത്രാ മദ്ധ്യേ പേടകത്തിൽ പൊട്ടിത്തെറിയുണ്ടായി. തകരാറിലായ പേടകത്തിൽ ലവലും സഹസഞ്ചാരികളായ ജാക്ക് സ്വിഗെർറ്റ്, ഫ്രെഡ് ഹെയ്സ് എന്നിവരും മൂന്നര ദിവസത്തെ പ്രയത്നത്തിനൊടുവിൽ സുരക്ഷിതമായി ഭൂമിയിലെത്തി. ജീവൻ അപകടത്തിലായ ഘട്ടത്തിലും പതറാതെ നിന്ന മൂവരുടെയും മനക്കരുത്ത് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. 1973ൽ നാസയിൽ നിന്ന് വിരമിച്ച ലവൽ വിവിധ കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചു. ഭാര്യ മെർലിൻ 2023ൽ അന്തരിച്ചു. നാല് മക്കളുണ്ട്.
# ബഹിരാകാശത്ത് 4 തവണ
മേരിലാൻഡിലെ യു.എസ് നേവൽ അക്കാഡമിയിൽ നിന്ന് ബിരുദം നേടി. പൈലറ്റായി സേവനമനുഷ്ഠിച്ചു
1962ൽ നാസയുടെ ഭാഗം. അപ്പോളോ 8ന് മുമ്പ്, ഭൂമിയെ 14 ദിവസം ചുറ്റിയ ജെമിനി 7 ദൗത്യത്തിലും ജെമിനി 12ലും പങ്കാളിയായി
ബഹിരാകാശത്തേക്ക് നാല് തവണ സഞ്ചരിച്ച ആദ്യ വ്യക്തിയെന്ന റെക്കാഡ്
പ്രസിഡൻഷ്യൽ മെഡൽ ഒഫ് ഫ്രീഡം അടക്കം നിരവധി അംഗീകാരങ്ങൾ നേടി
ജെഫ്രി ക്ലൂഗറുമായി ചേർന്ന് ലോസ്റ്റ് മൂൺ (1994) എന്ന പുസ്തകം രചിച്ചു.
ഇത് 'അപ്പോളോ 13" എന്ന സിനിമയ്ക്ക് ആധാരമായി. ചിത്രത്തിൽ ലവൽ അതിഥിയായി പ്രത്യക്ഷപ്പെട്ടു