kasinadhan

കാഞ്ഞങ്ങാട്: പിതാവ് കൊലക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ പതിനേഴുകാരനായ പ്ളസ് വൺ വിദ്യാർത്ഥിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുല്ലൂർ പുളിക്കാലിലെ നരേന്ദ്രന്റെ മകൻ കാശിനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.പിതാവ് ജയിലിലായതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന.

കഴിഞ്ഞ ദിവസം വെള്ളിക്കോത്ത് പെരളം സ്വദേശി റോയി ജോസഫ് കാഞ്ഞങ്ങാട്ടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ നരേന്ദ്രൻ അറസ്റ്റിലായിരുന്നു. തനിക്കായി നിർമ്മിച്ചുനൽകുന്ന കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും തർക്കത്തിനിടെ തള്ളി നരേന്ദ്രൻ തന്നെ തള്ളി താഴെയിട്ടുവെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി റോയി ജോസഫ് ഭാര്യയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഈ സംഭവത്തിന് ശേഷം വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ സുഹൃത്തുക്കളോടൊപ്പം ക്ഷേത്രക്കുളത്തിലേക്ക് കാശിനാഥൻ പോയിരുന്നു. കൂട്ടുകാർ മടങ്ങിയ ശേഷം കാശിനാഥനെ പിന്നീട് കാണാതാവുകയായിരുന്നു. ക്ഷേത്രക്കുളത്തിന് സമീപം കാശിനാഥന്റെ ചെരിപ്പും മുണ്ടും കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി എട്ടേ മുക്കാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.