തിരുവനന്തപുരം: ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കർ അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ചാണ് സതീഷിനെ പിടികൂടിയത്. സതീഷിനെതിരെ നേരത്തെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് രാവിലെ ദുബായിൽ നിന്നുളള വിമാനത്തിലെത്തിയ സതീഷിനെ എമിഗ്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയായിരുന്നു. ഇയാളെ വലിയതുറ പൊലീസിന് കൈമാറി. സതീഷിനെ വൈകാതെ തന്നെ പത്തനംതിട്ട ക്രൈംബ്രാഞ്ചിന് കൈമാറും.
അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. യുവതി ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ക്രൈംബ്രാഞ്ചിന് കൈമാറിയത്. കരുനാഗപ്പള്ളി എഎസ്‌പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ജൂലായ് 19നാണ് അതുല്യയെ ഭർത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ കുടുംബം നൽകിയ പരാതിയിൽ സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുത്തിരുന്നു.
ഷാർജയിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ യുവതിയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് കണ്ടെത്തിയത്. മൃതദേഹം നാട്ടിൽ എത്തിച്ചശേഷം നടത്തിയ റീ പോസ്റ്റ്മോർട്ടത്തിന്റെ ഫലം വരാനുണ്ട്. സതീഷ് മദ്യപാനിയാണെന്നും നിരന്തരമായി ഉപദ്രവിച്ചിട്ടുണ്ടെന്നും അതുല്യ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച സന്ദേശം പുറത്തുവന്നിരുന്നു. അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.