money

ന്യൂഡൽഹി: ഉപഭോക്താക്കളെ ഞെട്ടിക്കുന്ന തരത്തിലുളള നീക്കവുമായി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വകാര്യ ബാങ്കായ ഐസിഐസിഐ. മിനിമം ബാലന്‍സില്‍ വലിയ രീതിയിലുളള വർദ്ധനവാണ് എല്ലാ മേഖലയിലെ അക്കൗണ്ടുകൾക്കും ബാങ്ക് നടപ്പിലാക്കിയിരിക്കുന്നത്. 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പ്രതിമാസ മിനിമം ബാലൻസിൽ വർദ്ധനവ് വരുത്തിയിരിക്കുന്നത്. ഈ മാസം മുതല്‍ ആരംഭിച്ച സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് പുതിയ നിയമം ബാധകമാകും.

മെട്രോ,അര്‍ബന്‍ മേഖലയിലെ ബാങ്കുകള്‍ക്ക് 50,000 രൂപയാണ് മിനിമം ബാലന്‍സ്. ഇത് നേരത്തെ 10,000 രൂപയായിരുന്നു. സെമി അര്‍ബന്‍ ബാങ്കുകളിലെ പ്രതിമാസ മിനിമം ബാലൻസ് 25,000 രൂപയിലേക്കാണ് ഉയര്‍ത്തിയത്. നേരത്തെ ഇത് 5,000 രൂപയായിരുന്നു. മുൻപ് 2,500 രൂപയുണ്ടായിരുന്ന ഗ്രാമീണ ശാഖകളിലെ അക്കൗണ്ടുകള്‍ ഇനി മുതല്‍ 10,000 രൂപ പ്രതിമാസ മിനിമം ബാലൻസ് നിലനിര്‍ത്തേണ്ടി വരും.

ഉപഭോക്താക്കള്‍ സേവിംഗ്സ് അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട തുകയാണ് പ്രതിമാസ മിനിമം ബാലൻസ്. ബാങ്ക് നിശ്ചയിക്കുന്ന തുകയ്ക്ക് താഴേക്ക് ഈ തുക എത്തിയാല്‍ ബാങ്ക് പിഴ ഈടാക്കും. ഐസിഐസിഐ ബാങ്കില്‍ ആവശ്യമായ മിനിമം ബാലന്‍സില്‍ കുറവുള്ള തുകയുടെ ആറ് ശതമാനമോ, 500 രൂപയോയാണ് പിഴയായി ഈടാക്കുകയെന്നാണ് ബാങ്ക് അറിയിച്ചത്.

പണമിടപാടുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജും ഐസിഐസിഐ വർദ്ധിപ്പിച്ചിച്ചുണ്ട്. ബാങ്ക് വഴിയോ പണമിടപാട് മെഷിൻ വഴിയോയുള്ള മൂന്ന് ഇടപാടിന് ശേഷം 150 രൂപ അധിക സര്‍വീസ് ചാര്‍ജും ഈടാക്കും. പണം പിന്‍വലിക്കലിനും ഇതേ ചാര്‍ജ് ബാധകമാണ്. ബാങ്കുകളുടെ പ്രവൃത്തി സമയമല്ലാത്തപ്പോഴോ അവധി ദിവസത്തിലോ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഉപയോഗിച്ച് പണം നിക്ഷേപിക്കുന്നവര്‍ മാസത്തില്‍ 10,000 രൂപ കടന്നാല്‍ ഓരോ ഇടപാടിനും 50 രൂപ അധിക ചാർജും നൽകണം.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സ് പിഴയായി അ‍ഞ്ചു വര്‍ഷത്തിനിടെ 9,000 കോടി രൂപയാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയതെന്ന് അടുത്തിടെ ധനകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ 2020ൽ മിനിമം ബാലൻസ് നിയമം റദ്ദാക്കിയിരുന്നു.