suresh-gopi

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി നൽകി കെഎസ്‌യു. തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ഛത്തീസ്‌ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായതിനുശേഷം കാണാനില്ലെന്നാണ് പരാതിയിൽ പറയുന്നത്. കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ ആണ് പരാതി നൽകിയത്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്ന് കണ്ടെത്തണമെന്നും ഇമെയിലിലൂടെ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

സുരേഷ് ഗോപിയെ കാണാനില്ലെന്ന് കാട്ടി ഓർത്തഡോക്‌സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്തയും രംഗത്തെത്തിയിരുന്നു. 'ഞങ്ങൾ തൃശൂരുകാർ തിരഞ്ഞെടുത്ത് ഡൽഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല. പൊലീസിൽ അറിയിക്കണോ എന്നാശങ്ക'-എന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. വിഷയത്തിൽ സുരേഷ് ഗോപി പ്രതികരിക്കാത്തതിൽ സഭാനേതാക്കളടക്കം വിമർശനം ഉന്നയിച്ചിരുന്നു.

അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ തലശ്ശേരി സ്വദേശി സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി സ്വദേശി സിസ്റ്റർ പ്രീതി മേരി എന്നിവർ ജൂലായ് 25നാണ് അറസ്റ്റിലായത്. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന കന്യാസ്ത്രീകൾ വീട്ടുജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ ദുർഗ് റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെൺകുട്ടികളിലൊരാളുടെ സഹോദരനും സ്‌റ്റേഷനിലെത്തിയിരുന്നു.

നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകർ കന്യാസ്ത്രീകളെ തടയുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും ഇവർ ആരോപിച്ചു. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകൾക്കെതിരെ കേസെടുത്തത്. തുടർന്ന് ജൂഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത കന്യാസ്ത്രീകളെ ദുർഗിലെ ജയിലിൽ തടവിലാക്കുകയായിരുന്നു.