faisal-khan

ഒരു വർഷത്തോളം വീട്ടിൽ അടച്ചിട്ടുവെന്ന ഞെട്ടിക്കുന്ന ആരോപണവുമായി ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ സഹോദരനും നടനുമായ ഫൈസൽ ഖാൻ. തന്നെ പൂട്ടിയിട്ട് മാനസിക രോഗത്തിന് മരുന്ന് കഴിക്കാൻ നിർബന്ധിച്ചുവെന്നാണ് ഫൈസൽ അവകാശപ്പെടുന്നത്. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'എനിക്ക് സ്കീസോഫ്രീനിയ ഉണ്ടായിരുന്നുവെന്നും ഞാൻ അപകടകാരിയാണെന്നും കുടുംബം അവകാശപ്പെട്ടു. "അവർ എന്നെ ഒരു വർഷത്തേക്ക് ആമിറിന്റെ വീട്ടിൽ പൂട്ടിയിട്ടു, നിർബന്ധിച്ച് മരുന്ന് കഴിപ്പിച്ചു'. ഫൈസൽ പറഞ്ഞു. മുഴുവൻ കുടുംബവും തനിക്കെതിരെ നിന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

'ആരെങ്കിലും സഹായിക്കുമെന്നും പിതാവ് എത്തുമെന്നും വിചാരിച്ചു. പക്ഷെ ആരും എന്നെ സഹായിച്ചില്ല. എന്റെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചയാളാണ്. ഇങ്ങനെയുള്ള കാര്യങ്ങളിൽ നിന്നും ഞാൻ മാറി നിൽക്കുകയാണ് ചെയ്തിരുന്നത്. എന്റെ ഫോണെല്ലാം മാറ്റി വച്ചു. ഗാർഡുകളുള്ള ഒരു മുറിയിലാണ് എന്നെ പൂട്ടിയിട്ടത്. ഒരു വർഷത്തിനുശേഷം മറ്റൊരു വീട്ടിലേക്ക് മാറാൻ ഞാൻ നിർബന്ധിച്ചപ്പോഴാണ് ആമിർ സമ്മതം മൂളിയത്'. ഫൈസൽ പറഞ്ഞു.

ജെജെ ആശുപത്രിയിൽ 20 ദിവസം മാനസിക പരിശോധനയ്ക്ക് വിധേയനായി. സഹായത്തിനായി ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങളെ സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നാണ് ഫൈസൽ അവകാശപ്പെടുന്നത്. ഇപ്പോൾ മാനസികാരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയതെന്ന് ഫൈസൽ വ്യക്തമാക്കി.

സഹോദരന്മാർ തമ്മിൽ അത്ര സുഖകരമായ ബന്ധമായിരുന്നില്ല നിലനിന്നിരുന്നത്. ഫൈസൽ കുടുംബത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് തനിക്ക് സഹോദരനെതിരെ കൂടുതൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ആമീർഖാനോട് ക്ഷമിക്കാൻ തയ്യാറാണെന്നും ഫൈസൽ വ്യക്തമാക്കി. ആമിറിന്റെ മകൾ ഇറ ഖാന്റെ വിവാഹത്തിൽ ഫൈസൽ പങ്കെടുത്തിരുന്നു.


ബാലതാരമായിട്ടാണ് ഫൈസൽ തന്റെ കരിയർ ആരംഭിക്കുന്നത്. ആമിർ ഖാനൊപ്പം "മധോഷ്" (1994), "മേള" (2000) തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംവിധാനരംഗത്തേക്കും ഫൈസൽ കടന്നുവന്നിട്ടുണ്ട്. കൂടാതെ "ഫാക്ടറി" (2021), കന്നഡ ചിത്രമായ "ഒപ്പണ്ട" (2022) തുടങ്ങിയ സിനിമകളിലും പ്രവർത്തിച്ചു.