rajnath-singh

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരോക്ഷമായി വിമർശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റത്തെ തകർക്കാൻ ആഗോള ശക്തികൾ ശ്രമിക്കുന്നുവെന്നാണ് രാജ്‌നാഥ് സിംഗ് വിമർശിച്ചത്. ഇന്ത്യൻ ഉത്‌പന്നങ്ങൾക്കുമേലുള്ള ട്രംപിന്റെ പുതിയ താരിഫ് നയങ്ങളിൽ പേര് വെളിപ്പെടുത്താതെയായിരുന്നു വിമർശനം.

'ചില 'ബോസുകൾക്ക്' ആസൂയയാണ്. ഇന്ത്യയുടെ വളർച്ച അംഗീകരിക്കാൻ സാധിക്കുന്നില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ വികസനം എത്രത്തോളം വേഗത്തിലാണ് എന്നതിൽ ചിലർ അസന്തുഷ്ടരാണ്. എല്ലാവരുടെയും ബോസ് ഞാനാണെന്നിരിക്കെ ഇന്ത്യ എങ്ങനെയാണ് ഇത്രയും വേഗത്തിൽ വളരുന്നത് എന്നാണ് അവർ ചിന്തിക്കുന്നത്'- എന്നാണ് ഒരു ചടങ്ങിനിടെ പ്രതിരോധ മന്ത്രി വിമർശിച്ചത്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം താരിഫാണ് ട്രംപ് ചുമത്തിയത്. ഇതിനുപുറമെ 25 ശതമാനം പിഴയും ചുമത്തിയിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. താരിഫ് നിരക്കുകൾ ഇനിയും ഉയർത്തുമെന്ന് ഭീഷണിപ്പെടുത്തിയ ട്രംപ്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മരണപ്പെട്ടുവെന്നും അധിക്ഷേപിച്ചു.

ഇന്ത്യക്കാരുടെ കൈകളാൽ, ഇന്ത്യയിൽ നിർമിച്ച വസ്തുക്കൾ മറ്റുള്ളവയെക്കാൾ വില കൂടുതലാകാനാണ് ചിലർ ശ്രമിക്കുന്നത്. അങ്ങനെ വരുമ്പോൾ വില ഉയരുന്ന സമയത്ത്, ലോകം ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങുന്നത് നിർത്തും. എന്നാൽ ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ഒരു പ്രധാന ആഗോള ശക്തിയാകുന്നതിൽ നിന്ന് ഇനി ഇന്ത്യയെ ആർക്കും തടയാനാകില്ല. 24,000 കോടിയിലധികം മൂല്യമുള്ള പ്രതിരോധ ഉത്പന്നങ്ങൾ നമ്മൾ കയറ്റി അയയ്ക്കുകയാണ്. ഇതാണ് ഇന്ത്യയുടെ ശക്തി. ഇതാണ് പുതിയ ഇന്ത്യയുടെ പുതിയ പ്രതിരോധ സംവിധാനം. താരിഫ് പ്രതിസന്ധികൾ പ്രതിരോധ മേഖലയെ ബാധിച്ചിട്ടില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.