ഉത്പാദനം ആറിരട്ടി ഉയർന്ന് 12 ലക്ഷം കോടി രൂപയായി

കൊച്ചി: ആഗോള ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിർമ്മാണ മേഖലയിലെ പുതിയ താരമായി ഇന്ത്യ കുതിച്ചുയരുന്നു. പതിനൊന്ന് വർഷത്തിനിടെ ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് ഉത്പന്ന ഉത്പാദനം ആറിരട്ടി ഉയർന്ന് 12 ലക്ഷം കോടി രൂപയിലെത്തി. അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ സ്‌മാർട്ട്ഫോൺ കയറ്റുമതി നടത്തുന്ന രാജ്യമെന്ന പദവിയും ഇന്ത്യ അതിവേഗം കൈവരിച്ചുവെന്ന് കേന്ദ്ര ടെലികാേം മന്ത്രി അശ്വിനി വൈഭവ് പറഞ്ഞു. ഇക്കാലയളവിൽ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉത്പന്ന കയറ്റുമതി എട്ടിരട്ടി ഉയർന്ന് മൂന്ന് ലക്ഷം കോടി രൂപ കവിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളും ഇന്ത്യയാണെന്ന് അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

2014ൽ ഇന്ത്യയിൽ രണ്ട് മൊബൈൽ ഫോൺ ഉത്പാദക ഫാക്‌ടറികൾ മാത്രമാണുണ്ടായിരുന്നത്. നിലവിൽ ഫോൺ ഉത്പാദന കേന്ദ്രങ്ങളുടെ എണ്ണം 300 കവിഞ്ഞു. പതിനൊന്ന് വർഷം മുമ്പ് രാജ്യത്ത് വിൽക്കുന്ന മൊബൈൽ ഫോണുകളിൽ 26 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചിരുന്നത്. നിലവിൽ ആഭ്യന്തര വിപണിയിലെ 99.9 ശതമാനം ഫോണുകളും ഇന്ത്യയിൽ നിർമ്മിക്കുന്നതാണ്.

സാങ്കേതികവിദ്യ രംഗത്തെ ആഗോള ഹബായി ഇന്ത്യയെ ഉയർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമാണ് നേട്ടമായത്. രാജ്യത്തെ മൊത്തം ജനങ്ങൾക്കും അഡ്‌വാൻസ്‌ഡ് ഇലക്ട്രോണിക്‌സ് സേവനങ്ങൾ ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നത്.

അശ്വിനി വൈഷ്‌ണവ്

കേന്ദ്ര ഐ.ടി മന്ത്രി

2014 സാമ്പത്തിക വർഷത്തിലെ മൊബൈൽ ഫോൺ ഉത്പാദനം

18,900 കോടി രൂപ

2024 സാമ്പത്തിക വർഷത്തിലെ ഫോൺ ഉത്പാദനം

4.2 ലക്ഷം കോടി രൂപ

ചൈനയ്‌ക്ക് ബദലാകും

ഇലക്ട്രോണിക്സ് മേഖലയിൽ ചൈനയുടെ അപ്രമാധിത്വത്തിന് തടയിടാൻ ലക്ഷ്യമിട്ട് ആഗോള കമ്പനികൾ ഇന്ത്യയിലേക്ക് നിക്ഷേപം ഒഴുക്കുകയാണ്. നിക്ഷേപം ആകർഷിക്കുന്നതിന് കേന്ദ്ര സർക്കാർ ആഗോള കമ്പനികൾക്കായി പ്രഖ്യാപിച്ച ഉത്പാദന ബന്ധിത ആനുകൂല്യ(പി.എൽ.ഐ) പദ്ധതിയാണ് ഈ നേട്ടത്തിന് സഹായിച്ചത്. പി.എൽ.ഐ പദ്ധതിയിലൂടെ 13,000 കോടി രൂപയുടെ നിക്ഷേപമെത്തി. ഇതിലൂടെ 1.35 ലക്ഷം തൊഴിലവസരങ്ങളും സൃഷ്‌ടിക്കാനായി.

വിദേശ നിക്ഷേപം ഉയരുന്നു

നാല് വർഷത്തിനിടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണ മേഖലയിൽ 400 കോടി ഡോളറിന്റെ(35,000 കോടി രൂപ) വിദേശ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്.