ബെംഗളുരു : എട്ടുവർഷത്തിന് ശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും ഇംഗ്ളണ്ട് പര്യടനത്തിൽ ഒരു സെഞ്ച്വറിയടിക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്ന് മലയാളി താരം കരുൺ നായർ. മാഞ്ചസ്റ്ററിലെ നാലാം മത്സരത്തിലൊഴിച്ച് പരമ്പരയിലെ മറ്റ് മത്സരങ്ങളിൽ കരുൺ കളിച്ചിരുന്നു. ഒരു അർദ്ധസെഞ്ച്വറിയടക്കം 205റൺസാണ് കരുൺ നേടിയത്. ഓവലിൽ നടന്ന അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിലായിരുന്നു അർദ്ധസെഞ്ച്വറി. 57 റൺസ് നേടിയ കരുണായിരുന്നു ഈ ഇന്നിംഗ്സിലെ ഇന്ത്യയുടെ ടോപ് സ്കോററും.

ഓവലിൽ ആദ്യദിനം 123/5 എന്ന നിലയിൽ തകർച്ചമുന്നിൽകണ്ട ഇന്ത്യ 224ലേക്ക് എത്തിയതിന് പിന്നിൽ കരുണിന്റെ കരുതലുള്ള ഇന്നിംഗ്സായിരുന്നു.ആദ്യ ദിനം കളിനിറുത്തുമ്പോൾ 52 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു കരുൺ. എന്നാൽ രണ്ടാം ദിവസം അഞ്ചു റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാൻ കഴിഞ്ഞത്. ഈ മത്സരത്തിൽ തനിക്ക് സെഞ്ച്വറി തികയ്ക്കാൻ കഴിയാത്തതിൽ നിരാശയുണ്ടെന്നാണ് കരുൺ പറഞ്ഞത്.

2017 മാർച്ചിൽ ഓസ്ട്രേലിയയ്ക്ക് എതിരായ ധർമ്മശാല ടെസ്റ്റിൽ കളിച്ചതിന് ശേഷം കരുൺ പിന്നീട് ഇപ്പോഴാണ് ഇന്ത്യൻ ടീമിലെത്തിയത്. ആഭ്യന്തരക്രിക്കറ്റിൽ രഞ്ജി ട്രോഫിയിലും വിജയ് ഹസാരേ ട്രോഫിയിലും തുടരെ സെഞ്ച്വറികൾ നേടിയാണ് കരുൺ ഇന്ത്യൻ കുപ്പായം തിരിച്ചുപിടിച്ചത്. എന്നാൽ തന്റെ സ്ഥാനം സുരക്ഷിതമാക്കാനുള്ള പ്രക‌ടനം താരത്തിന് ഇംഗ്ളണ്ടിൽ പുറത്തെ‌ടുക്കാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തൽ.

ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ഡക്കായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 20 റൺസ് നേടി. ബർമിംഗ്ഹാമിൽ 31,26 എന്നിങ്ങനെയായിരുന്നു സ്കോറിംഗ്. ലോഡ്സിൽ ആദ്യ ഇന്നിംഗ്സിൽ 40 റൺസും രണ്ടാം ഇന്നിംഗ്സിൽ 14 റൺസുമാണ് നേടിയത്. ഇതോടെ മാഞ്ചസ്റ്ററിൽ പ്ളേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ടു. അഞ്ചാം ടെസ്റ്റിൽ തിരിച്ചെത്തി ആദ്യ ഇന്നിംഗ്സിൽ 57 റൺസ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ 17 റൺസേ നേടാനായുള്ളൂ.