ലണ്ടൻ : 'പാലസ്തീൻ പെലെ' എന്നറിയപ്പെടുന്ന ഫുട്ബാളർ സുലൈമാൻ അൽ ഉബൈദിന്റെ മരണത്തിൽ അനുശോചിച്ച് യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിൽ ചോദ്യങ്ങൾ ഉയർത്തി ലിവർപൂളിന്റെ ഈജിപ്ഷ്യൻ ഫുട്ബാൾ സൂപ്പർ താരം മുഹമ്മദ് സല. ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിലാണ് സുലൈമാൻ മരണപ്പെട്ടത്. ഇതിനെക്കുറിച്ച് ഒരു സൂചനയുമില്ലാതെയായിരുന്നു യുവേഫയുടെ പോസ്റ്റ്. ഇതാണ് സലയെ ക്ഷുഭിതനാക്കിയത്.
'പാലസ്തീൻ പെലെ എന്നറിയപ്പെടുന്ന ഫുട്ബാളർ സുലൈമാൻ അൽ ഉബൈദിന് വിട, ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്തുപോലും ഒട്ടേറെ കുട്ടികൾക്ക് പ്രതീക്ഷ പകർന്ന പ്രതിഭ" എന്നായിരുന്നു യുവേഫയുടെ പോസ്റ്റ്. ഈ പോസ്റ്റ് റീ പോസ്റ്റ് ചെയത് അദ്ദേഹം എങ്ങനെ,എവിടെവച്ച്, എന്തുകൊണ്ടുമരിച്ചു എന്ന് പറയാമോ എന്നാണ് സല ചോദിച്ചത്.
വടക്കൻ ഗാസയിൽ സഹായവിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തിരിക്കുമ്പോഴാണ് ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ സുലൈമാൻ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഈ വിവരങ്ങളൊന്നും യുവേഫയുടെ അനുശോചന സന്ദേശത്തിലില്ല. സല ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ യൂറോപ്പിൽ ചർച്ചയായിട്ടുണ്ട്.
2007ലാണ് സുലൈമാൻ പാലസ്തീൻ ദേശീയ ടീമിനായി കളിച്ചുതുടങ്ങിയത്.രാജ്യത്തിനായി 24 മത്സരങ്ങൾ കളിച്ചു.41കാരനായിരുന്ന സുലൈമാൻ നൂറലധികം ഗോളുകൾ നേടിയിട്ടുണ്ട്.2010വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ യെമനെതിരെ നേടിയ ബൈസിക്കിൾ ഗോൾ ശ്രദ്ധേയമായിരുന്നു.