health

മലയാളികള്‍ ഇന്ന് പല ജീവിതശൈലി രോഗങ്ങള്‍ക്കും അടിപ്പെടുന്നതിന് ഒന്നാമത്തെ കാരണം ഭക്ഷണ രീതിയില്‍ വന്ന മാറ്റം ആണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ വര്‍ഷത്തില്‍ ഒരിക്കലോ ആഘോഷ വേളകളിലോ വമ്പന്‍ ഹോട്ടലുകളിലോ പോകുമ്പോള്‍ മാത്രം കഴിച്ചിരുന്ന പലതും ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. മാറിയ ഭക്ഷണ സംസ്‌കാരം കൊണ്ടുചെന്ന് എത്തിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പുതിയ പഠനങ്ങള്‍ നിരവധിയാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.

ഇക്കൂട്ടത്തില്‍ ഫ്രഞ്ച് ഫ്രൈസ് (ഉരുളക്കിഴങ്ങ് എണ്ണയില്‍ മുക്കി പൊരിച്ചെടുക്കുന്ന പലഹാരം) എന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. തീയറ്ററുകളില്‍ സിനിമ കാണാന്‍ പോകുമ്പോഴും ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ ഹോട്ടലുകളില്‍ പോകുമ്പോള്‍ മലയാളികള്‍ ഇത് ചോദിച്ച് വാങ്ങി കൊറിക്കാറുണ്ട്. എന്നാല്‍ അളവ് തെറ്റി ഈ സാധനം കഴിച്ചാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതത്തെപ്പറ്റിയുള്ള പഠന റിപ്പോര്‍ട്ട് ആശങ്കയുണ്ടാക്കുന്നതാണ്.

സ്ഥിരമായി ഫ്രഞ്ച് ഫ്രൈസ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. ദി ബിഎംജെ-യില്‍ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, ഉരുളക്കിഴങ്ങ് അല്ല വില്ലനെന്നും എങ്ങിനെയാണ് ഇവ പാചകം ചെയ്യുന്നത് എന്നതിലാണ് കാര്യമെന്നും പഠനത്തില്‍ പറയുന്നു. ആഴ്ചയില്‍ വെറും മൂന്ന് തവണ ഫ്രെഞ്ച് ഫ്രൈസ് കഴിക്കുന്നത് പ്രമേഹ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയപ്പോള്‍ ഇതേ പച്ചക്കറി പുഴുങ്ങിയോ, ഉടച്ചോ കഴിക്കുന്നത് രോഗസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നില്ലെന്നതാണ് കണ്ടെത്തല്‍.

ഇതിന് പുറമെ, ധാന്യങ്ങളാലുണ്ടാക്കിയ പാസ്ത, ബ്രെഡ് പോലുള്ളവ കഴിക്കുന്നത് രോഗസാധ്യത 19% വരെ കുറച്ചുവെന്നും പഠനത്തില്‍ പറയുന്നു.