നോയിഡ: ഡേ കെയറിൽ 15മാസം പ്രായമുള്ള പെൺകുഞ്ഞിന് മർദനമേറ്റതായി മാതാപിതാക്കൾ. കുഞ്ഞിന്റെ തുടകളിൽ കടിയേറ്റ പാടുകൾ ഉണ്ടെന്നും മാതാപിതാക്കൾ ആരോപിക്കുന്നു. ഡേ കെയറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ കുഞ്ഞിനെ പ്രായപൂർത്തിയാകാത്ത അറ്റൻഡർ മർദിക്കുന്നത് കാണാം.
കരയുമ്പോൾ കുഞ്ഞിനെ അടിക്കുകയും തറയിലേക്ക് വലിച്ചെറിയുകയുമൊക്കെ ചെയ്യുന്നുണ്ട്. ഉത്തർപ്രദേശിലെ നോയിഡയിലെ സെക്ടർ 137ലെ പരസ് ടിയേര റെസിഡൻഷ്യൽ കോംപ്ലക്സിലെ ഡേ കെയറിലാണ് സംഭവം നടന്നത്. കുഞ്ഞിന്റെ തുടയിൽ പാടുകൾ കണ്ടതിന് പിന്നാലെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അലർജിയാണെന്നാണ് ആദ്യം ഇവർ കരുതിയത്.
പരിശോധനയിലാണ് ഇത് കടിയേറ്റ പാടാണെന്ന് ഡോക്ടർ അറിയിച്ചത്. തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഡേ കെയർ ഉടമയോട് ഇതുസംബന്ധിച്ച് പരാതി പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അറ്റൻഡറെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
'മേയ് 21 മുതലാണ് കുഞ്ഞിനെ ഡേ കെയറിലേക്ക് അയയ്ക്കാൻ തുടങ്ങിയത്. ഓഗസ്റ്റ് നാലിനാണ് മകളുടെ തുടകളിൽ പാട് കണ്ടത്. കുഞ്ഞിനെ ദിവസവും രണ്ട് മണിക്കൂർ ഡേ കെയറിൽ വിടാറുണ്ട്. മൂന്ന് അദ്ധ്യാപകർ ഉണ്ടെന്നും അവരാണ് കുഞ്ഞിനെ നോക്കുന്നതെന്നുമാണ് ഡേ കെയർ ഉടമ പറഞ്ഞിരുന്നത്. രണ്ട് മണിക്കൂറിന് 2500 രൂപയാണ് നൽകുന്നത്'- പെൺകുട്ടിയുടെ പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഡേ കെയറിൽ കുട്ടികളെ നോക്കാൻ നിൽക്കുന്ന അറ്റൻഡറിൽ പ്രായപൂർത്തിയാകാത്തവരും ഉണ്ടെന്ന് പിതാവ് ആരോപിക്കുന്നു.