nano-tech

ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യം സാദ്ധ്യമാക്കുന്നതിന് തൊട്ടടുത്താണ് നമ്മുടെ ശാസ്‌ത്രലോകം ഇന്ന്. മനുഷ്യനുണ്ടായ കാലം മുതൽ അമരത്വം നേടാനെന്താണ് വഴി എന്ന് ആലോചനയുണ്ട്. പലരും അതിന് പ്രതിവിധി തേടിപ്പുറപ്പെട്ട് മരണമടഞ്ഞിട്ടുമുണ്ട്. എന്നാൽ എഐ സാങ്കേതിക വിദ്യയുടെ വളർച്ചയോടെ പറച്ചിലിലല്ല പ്രവർത്തിയിലും മരണം ഇനി മനുഷ്യരിൽ നിന്ന് മാറിനിൽക്കും എന്നാണ് സൂചനകൾ. മനുഷ്യന്റെ ആയുസ് വ‌ർദ്ധിപ്പിക്കാൻ മുഖ്യധാരാ ഗവേഷകർ നടത്തുന്ന പഠനം പോലെയല്ല ടെക് വിദഗ്ദ്ധരുടെ ശ്രമം.

ആയുസ് ‌പത്തിരട്ടി കൂടാം

ഒരു സാധാരണ മനുഷ്യന്റെ പരമാവധി ആയുസ് ഇപ്പോൾ ഒരു നൂറ്റാണ്ടോളമാണ്. ഇതിന്റെ പത്തിരട്ടി അതായത് ആയിരം വർഷം വരെ ഒരു മനുഷ്യന് ആയുസ് ലഭിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സയൻസ്-ടെക്-മെഡിക്കൽ ഗവേഷകരായ റെ കുർസ്‌വെയ്‌ൽ, ഇയാൻ പിയേഴ്‌സൺ, ഓബ്രി ഡി ഗ്രേ എന്നിവർ ശ്രമിക്കുന്നത്. എഐ, ക്ളൗഡ് കംപ്യൂട്ടിംഗ്, റോബോട്ടിക്‌സ് എന്നിവ വഴി അസാദ്ധ്യം എന്ന് കരുതുന്ന ഇക്കാര്യം വരുന്ന 25 വർഷം കൊണ്ടുതന്നെ സാദ്ധ്യമാകും എന്നാണ് ഇവർ കണക്ക്‌കൂട്ടുന്നത്.

എഐ മനുഷ്യബുദ്ധിയെ മറികടക്കും

2029ഓടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യബുദ്ധിയെ മറികടക്കും എന്നാണ് റെ കുർസ്‌വെയ്‌ൽ പറയുന്നത്. ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസുകളും ക്ളൗഡ് അടിസ്ഥാനമാക്കിയുള്ള ചിന്തയും നമ്മുടെ ശരീരത്തിൽ ഘടിപ്പിക്കപ്പെടുന്ന നാനോബോട്ടുകളും 2045ഓടെ സാദ്ധ്യമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. ഇതുവഴി മനുഷ്യർക്ക് അമരത്വം നേടാനാകും എന്ന് മാത്രമല്ല മനുഷ്യബുദ്ധി ഇന്നുള്ളതിലും പലമടങ്ങ് വർദ്ധിക്കുകയും ചെയ്യും.

life

മനുഷ്യന് ഇത്തരത്തിൽ ആയിരം വർഷം ആയുസ് ലഭിക്കുന്നതിന് മൂന്ന് ഘട്ടങ്ങളുണ്ടെന്ന് കുർസ്‌വെയ്‌ൽ കണക്കുകൂട്ടുന്നു. വൈദ്യശാ‌സ്‌‌ത്രപരമായുള്ളതും പോഷകാഹാര സമ്പന്നവുമായ പരിജ്ഞാനം നേടുന്ന ആദ്യ ഘട്ടം, എഐയുമായി ചേർന്ന് ബയോടെക്‌നോളജിയുടെ ലയനം വഴിയുള്ള ആയുസിന്റെ വിപുലീകരണം ആണ് രണ്ടാംഘട്ടം. നിലവിൽ ഈ ഘട്ടത്തിലാണ് ഗവേഷകർ എന്ന് കുർസ്‌വെയ്‌ൽ പറയുന്നു. 2030ഓടെ ശരീരത്തിലെ അവയവങ്ങളുടെ പ്രശ്‌നങ്ങൾ നാനോ ടെക്‌നോളജി ഉപയോഗിച്ച് പരിഹരിക്കുന്ന മൂന്നാം ഘട്ടം സാദ്ധ്യമാകും എന്നാണ് പ്രതീക്ഷ. ചെറിയ മെഡിക്കൽ നാനോബോട്ടുകളെ സൃഷ്‌ടിക്കുക വഴിയാകും നാനോ‌ ടെക്‌നോളജിക്ക് ഇത് സാദ്ധ്യമാകുക എന്ന് അദ്ദേഹം കരുതുന്നു.

2020ൽ സ്റ്റാൻഫോർഡ്, മിഷിഗൻ സർവകലാശാലകൾ ഇത്തരത്തിൽ അതിറോസ്‌ക്‌ളീറോറ്റിക് പ്ളാക്ക് സൃഷ്‌ടിക്കുന്ന ചില കോശങ്ങളെ നാനോബോട്ടുപയോഗിച്ച് തകർത്ത് ചരിത്രം സൃഷ്‌ടിച്ചിരുന്നു. ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്‌ക്ക് കാരണമാകുന്നവയെ ഇല്ലാതാക്കുന്ന ചരിത്ര സംഭവമായിരുന്നു ഇത്. ഇത്തരത്തിൽ സൂക്ഷ്‌മമായ അളവിൽ പ്രവ‌‌ർത്തിച്ച്‌ മനുഷ്യജീവിതത്തെ രക്ഷിക്കാൻ സാധിക്കുന്നതിന് നാനോ ടെക്‌നോളജിയ്‌ക്കുള്ള കഴിവ് വ്യക്തമാക്കുന്ന ഉദാഹരണമായിരുന്നു ഈ സംഭവം.

ഗുരുതര രോഗങ്ങളെ തടയും

എന്നാൽ നാനോ സാങ്കേതികവിദ്യ കൊണ്ടുള്ള ഗുണങ്ങൾ സമ്പന്നർക്ക് മാത്രമേ സാദ്ധ്യമാകുകയുള്ളോ എന്ന് ചില ഗവേഷകർ ചിന്തിക്കുന്നുണ്ട്. ഈ സാങ്കേതിക വിദ്യയുടെ പുരോഗതി നിലവിൽ ഗുരുതരമായ രോഗങ്ങളായ ക്യാൻസർ, ഹൃദ്രോഗം എന്നിവയുടെ ചികിത്സയെ സഹായിക്കും എന്നാണ് കരുതുന്നത്. കോശങ്ങൾക്ക് നാശമുണ്ടാകുന്നതിനെ ഇല്ലാതാക്കുകയാണ് ഇവ ചെയ്യുക. ഇതിലൂടെ സെൽ ഡെത്ത് സംഭവിക്കുന്നത് തടയും. സെൽ ഡെത്ത് സംഭവിക്കുമ്പോഴാണ് പിന്നീട് ക്യാൻസർ, ഹൃദ്രോഗമടക്കം രോഗങ്ങൾക്ക് കാരണമാകുന്നത്.

face

മനുഷ്യന് പ്രായമാകുന്നത് വൈദ്യശാസ്‌ത്ര പുരോഗതിയിലൂടെ ചികിത്സിക്കാൻ സാധിക്കുമെന്നാണ് ബയോമെഡിക്കൽ ജെറന്റോളജിസ്‌റ്റ് ആയ ഓബ്രേ ഡെ ഗ്രേ പറയുന്നത്. ഇതിന് 2050ഓടെ സാദ്ധ്യമാകും. ക്രമേണ ആയിരം വർഷത്തോളം മനുഷ്യന് ജീവിതവും സാദ്ധ്യമാകും. എന്നാൽ മനുഷ്യ മസ്‌തിഷ്‌കം ഈ മാറ്റത്തോട് എങ്ങനെയാകും പ്രതികരിക്കുക എന്നത് ഇപ്പോൾ പറയാനാകില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇപ്പോൾ ഏറെ ചെറുപ്പമായവർ മുതിർന്നവരാകുമ്പോൾ മരണം ഉടനെയൊന്നും സംഭവിക്കാൻ സാദ്ധ്യതയില്ലാത്ത കാര്യമായി മാറിയിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം.