ദിവസവും നിരവധി വിദേശികളാണ് ഇന്ത്യ സന്ദർശിക്കാനായി എത്തുന്നത്. ഇവർ പങ്കുവയ്ക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വെെറലാകാറുണ്ട്. ഇന്ത്യയിലെ ആളുകളുടെ പല സ്വഭാവവും രീതികളും അനുകരിക്കുന്ന വിദേശികളുടെ വീഡിയോകളാണ് ഇതിൽ കൂടുതൽ. അത്തരത്തിൽ ഒരു റഷ്യൻ യുവതിയുടെ വീഡിയോയാണ് ഇപ്പോൾ വെെറലാകുന്നത്. ജയ്പൂരിലെ ഹവാ മഹലിന് മുന്നിലാണ് സംഭവം നടക്കുന്നത്. എങ്ങനെയാണ് ഇന്ത്യയിലെ റോഡ് മുറിച്ചുകടക്കുന്നതെന്ന് തന്റെ റഷ്യൻ സുഹൃത്തിന് പഠിപ്പിച്ച് കൊടുക്കുകയാണ് യുവതി. വെര പ്രോകോഫേവ എന്ന യുവതിയുടെതാണ് വീഡിയോ.
'എങ്ങനെയാണ് ഇന്ത്യയിലെ റോഡുകൾ മുറിച്ചുകടക്കേണ്ടതെന്ന് ഞാൻ കാണിക്കാം. ആദ്യം നിങ്ങൾ കെെ മുന്നിലേക്ക് വച്ച് അവരോട് നിർത്താൻ പറഞ്ഞശേഷം റോഡ് കടക്കണം'- എന്നാണ് വീഡിയോയിൽ യുവതി പറയുന്നത്. പിന്നാലെ ഇരുവരും തിരക്കേറിയ റോഡ് മുറിച്ചുകടക്കുന്നുണ്ട്. 'ഇന്ത്യയിൽ നിങ്ങൾ പഠിക്കേണ്ട ആദ്യത്തെ നിയമം എങ്ങനെ റോഡ് മുറിച്ചുകടക്കണമെന്നാണ്'- എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധനേടി. ഇതിനോടകം രണ്ടുലക്ഷം പേരാണ് കണ്ടത്. നിരവധി കമന്റും വരുന്നുണ്ട്.
'ഹെെവേയിൽ ഇങ്ങനെ ചെയ്യരുത്', ' ഞാൻ ജയ്‌പൂരിൽ നിന്നുള്ള ആളാണ് എനിക്ക് ഇത് മനസിലാകും', 'വളരെയധികം ശ്രദ്ധിക്കണം, എല്ലാ സമയവും ഡ്രെവവർമാർ ഇങ്ങനെ വാഹനം നിർത്തണമെന്നില്ല', 'കെെയുടെ പവർ' - ഇങ്ങനെ പോകുന്നു കമന്റുകൾ. വീഡിയോ.