hansika-motwani

സിനിമാ പ്രേമികൾക്ക് പ്രിയപ്പെട്ട നടിയാണ് ഹൻസിക മോട്‌വാനി. അടുത്തിടെ നടി വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. വിവാഹ വീഡിയോ ഉൾപ്പെടെയുള്ള പോസ്റ്റുകൾ സമൂഹമാദ്ധ്യമത്തിൽ നിന്ന് നടി നീക്കം ചെയ്തതും വലിയ ചർച്ചയായി. ഭർത്താവ് സൊഹൈൽ കതൂരിയുമായി വിവാഹബന്ധം വേർപെടുത്താൻ ഹൻസിക ഒരുങ്ങുന്നുവെന്നാണ് വിവരം.

2022 ഡിസംബറിൽ ആയിരുന്നു വിവാഹം. ജിയോ ഹോട്സ്റ്റാറിൽ ആറു എപ്പിസോഡുകളുള്ള ഷോയിലൂടെയാണ് ഇരുവരും വിവാഹം ആഘോഷിച്ചത്. കഴിഞ്ഞ ദിവസം ഹൻസിക 34-ാം പിറന്നാൾ ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ അന്ന് താരം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ വർഷം ചില അപ്രതീക്ഷിത പാഠങ്ങൾ താൻ പഠിച്ചുവെന്നാണ് താരം അതിൽ കുറിച്ചത്. കടലിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

'ഒരുപാട് നന്ദി. സ്നേഹവും കേക്കും കൊണ്ട് എന്നെ പൊതിഞ്ഞതിന്. ഓരോ ചെറിയ നിമിഷത്തിനും നന്ദി പറയുന്നു. ഈ വർഷം ഞാൻ ആവശ്യപ്പെടാതെ തന്നെ നിരവധി പാഠങ്ങൾ പഠിച്ചു. എനിക്ക് ഇത്രയും ശക്തിയുണ്ടെന്ന് ഞാൻ മനസിലാക്കി. ഹൃദയവും ഫോണും നിറഞ്ഞു. ആത്മാവ് ശാന്തമാണ്. ജന്മദിനം ഇത്രയും നല്ലതാക്കിയതിന് നന്ദി'- ഹൻസിക കുറിച്ചു.

2025 ജൂലായ് 18നു ശേഷം സമൂഹ മാദ്ധ്യമങ്ങളിൽ പുതിയ പോസ്റ്റുകളൊന്നും ഹൻസിക പങ്കുവച്ചിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിൽ നിന്നുള്ള ഹൻസികയുടെ അസാന്നിദ്ധ്യവും സൊഹൈലിനൊപ്പമുള്ള മിക്ക പോസ്റ്റുകളും ഡിലീറ്റ് ചെയ്തതും ഇവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങളുണ്ടെന്ന് പലരും വിശ്വസിക്കാൻ കാരണമായി. 2022ൽ പാരീസിലെ ഈഫൽ ടവറിനു താഴെ വച്ച് സൊഹൈൽ വിവാഹാഭ്യർത്ഥന നടത്തിയതോടെ ഹൻസികയുടെയും സൊഹൈലിന്റെയും വിവാഹം വലിയ വാർത്തയായി മാറി.

വിവാഹത്തിനു മുൻപേ ഹൻസികയും സൊഹൈലും സുഹൃത്തുക്കളായിരുന്നു. ഹൻസികയുടെ അടുത്ത സുഹൃത്ത് റിങ്കി ബജാജിനെയായിരുന്നു സൊഹൈൽ ആദ്യം വിവാഹം കഴിച്ചത്. ഹൻസികയുടെ സഹോദരനും സൊഹൈലും വർഷങ്ങളായി സുഹൃത്തുക്കളായിരുന്നു. വിവാഹശേഷം താൻ അമ്മയോടൊപ്പം അപ്പാർട്ട്‌മെന്റിൽ നിന്നു മാറി സൊഹൈലിനൊപ്പം താമസിക്കാൻ പോവുകയാണെന്ന് ഹൻസിക വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ഉയർന്നതോടെ, ഹൻസിക അമ്മയുടെ അടുത്തേക്ക് താമസം മാറിയതായും അഭ്യൂഹങ്ങളുണ്ട്.