food

രാജകുടുംബത്തിലെ പ്രത്യേകിച്ച് ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗമാകുക എന്നത് പലരുടെയും സ്വപ്നമാണ്. കൊട്ടാരങ്ങളും അത്യാഡംബരപൂർണമായ ജീവിതവുമൊക്കെയാണ് ഈ സ്വപ്നത്തിന് പിന്നിൽ. ഈ ഗ്ലാമറസ് ലൈഫ് മാത്രമല്ല, മിക്ക ആളുകൾക്കും അറിയാത്ത ചില വിചിത്രമായ ജീവിത രീതി രാജകുടുംബാംഗങ്ങൾക്കുണ്ട്. പ്രത്യേകിച്ച് ഭക്ഷണ കാര്യത്തിൽ ചില പ്രത്യേകതകൾ ഇവർ‌ക്കുണ്ട്.

രാജകുടുംബാംഗങ്ങൾക്ക് വേണ്ടി ഭക്ഷണമുണ്ടാക്കാൻ പാചകക്കാരുടെ നീണ്ട നിരതന്നെ കൊട്ടാരത്തിലുണ്ട്. അതിനാൽത്തന്നെ ഇഷ്ടമുള്ളതെല്ലാം മുന്നിലെത്തുമെന്നാണോ നിങ്ങൾ കരുതുന്നത്? എന്നാൽ ഇഷ്ടമുള്ളതെല്ലാം അവർക്ക് വാരിവലിച്ച് കഴിക്കാനാകില്ല.

രാജകുടുംബാംഗങ്ങൾ ഭക്ഷണ കാര്യത്തിൽ പാലിക്കേണ്ട ചില നിയമങ്ങളുമുണ്ട്. തുടക്കത്തിൽ ആരോഗ്യത്തെയും സുരക്ഷയേയും മുൻനിർത്തി അവർ ചില ഭക്ഷണങ്ങൾ ഒഴിവാക്കി. മാറി മാറി വന്ന തലമുറകളെല്ലാം ആ ഭക്ഷണ രീതി തന്നെ പിന്തുടർന്നു. ഇതോടെ കാലക്രമേണ ഇത് അനൗദ്യോഗിക രാജകീയ നിയമമായി മാറി. എത്ര കൊതി തോന്നിയാലും രാജകുടുംബാംഗങ്ങൾക്ക് കഴിക്കാൻ പാടില്ലാത്ത ചിലതുണ്ട്.

ഷെൽ ഫിഷ്

ബ്രിട്ടീഷ് രാജകുടുബമൊരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ അവസരം ലഭിച്ചവരുണ്ടാകാം. അവർക്ക് ഒരിക്കലും അവിടെ നിന്ന് ഞണ്ടുകൾ, ലോബ്സ്റ്റർ, കൊഞ്ച്, മുത്തുച്ചിപ്പി എന്നിവ ലഭിക്കില്ല. സാധാരണയായി കടൽ വിഭവങ്ങൾ രാജകീയ മെനുവിൽ നിന്ന് ഒഴിവാക്കാറുണ്ട്. കക്കയിറച്ചിയും മറ്റും കഴിക്കുമ്പോൾ ഭക്ഷ്യവിഷബാധയോ അലർജിയോ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ഈ കാരണം കൊണ്ടാണ് അവർ ഷെൽ ഫിഷിനോട് നോ പറയുന്നത്.


വെളുത്തുള്ളി

കേൾക്കുമ്പോൾ ആശ്ചര്യമായി തോന്നാം. പക്ഷേ ഔദ്യോഗിക രാജകീയ മെനുകളിൽ നിന്ന് വെളുത്തുള്ളി നിരോധിച്ചിട്ടുണ്ട്. ഷെൽഫിഷിനെപ്പോലെ ഭക്ഷ്യവിഷബാധയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കരുതിയല്ല, മറിച്ച് സാമൂഹിക മര്യാദയുടെ ഭാഗമായിട്ടാണ് വെളുത്തുള്ളി ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്നത്. രാജകുടുംബാംഗങ്ങൾ വിശിഷ്ട വ്യക്തികളെ കണ്ടുമുട്ടുകയും അതിഥികളോട് അടുത്ത് സംസാരിക്കുകയും ചെയ്യേണ്ടിവരാറുണ്ട്. അത്തരം സാഹചര്യത്തിൽ വെളുത്തുള്ളിയുടെ രൂക്ഷഗന്ധമുണ്ടായാൽ അത് അതിഥികൾക്ക് അരോചകമായിത്തോന്നാം. അതിനാലാണ് വെളുത്തുള്ളി ഒഴിവാക്കുന്നത്.

ഫോയ് ഗ്രാസ് (Foie Gras)


ചാൾസ് മൂന്നാമൻ രാജാവാണ് കൊട്ടാരത്തിൽ നിന്ന് ഈ ആഹാരം നിരോധിച്ചത്. താറാവിന്റെയോ വാത്തയുടെയോ കരൾ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കുന്നത്. ഈ ജീവികളോടുള്ള ക്രൂരതയ്‌ക്കെതിരെ ചാൾസ് രാജാവ് കർശന നിലപാട് സ്വീകരിക്കുകയായിരുന്നു.


റേർ മീറ്റ്

രാജകുടുംബത്തിലെ അംഗങ്ങൾ സ്റ്റീക്ക് മുറിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയില്ല. കാരണം നന്നായി പാകം ചെയ്തിട്ട് മാത്രമേ രാജകുടുംബാംഗങ്ങൾ മാംസം കഴിക്കുകയുള്ളൂ. ഭക്ഷ്യജന്യ രോഗങ്ങളും ഭക്ഷ്യവിഷബാധയും ഒഴിവാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.


പാസ്ത (ചില സമയങ്ങളിൽ)
രാജകുടുംബത്തിന്റെ അത്താഴ വിഭവങ്ങളിൽ നിന്ന് പാസ്ത, അരി, ഉരുളക്കിഴങ്ങ് തുടങ്ങിയ കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കണമെന്ന് അന്തരിച്ച എലിസബത്ത് രാജ്ഞി നിർദേശിച്ചിരുന്നു. ആ നിയമം കർശനമായിരുന്നു. പകരം, അവർ ഗ്രിൽ ചെയ്ത മത്സ്യമോ പച്ചക്കറികളോ ആണ് ഇഷ്ടപ്പെട്ടത്.


പൈപ്പ് വെള്ളം കുടിക്കില്ല

എത്ര സുരക്ഷിതമാണെന്ന് ഉറപ്പുനൽകിയാലും യാത്രവേളയിൽ രാജകുടുംബം പൈപ്പ് വെള്ളം കുടിക്കാറില്ല. ചെറിയൊരു വയറുവേദന പോലും തിരക്കേറിയ ഒരു ഷെഡ്യൂളിനെ ബാധിക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് അവർ പൈപ്പ് വെള്ളം ഒഴിവാക്കുന്നത്. കൊട്ടാരത്തിൽ നിന്ന് മാറി നിൽക്കുമ്പോൾ കുപ്പിവെള്ളം കുടിക്കാനാണ് അവർക്കിഷ്ടം.

സ്ട്രീറ്റ് ഫുഡ്

തട്ടുകടകളിലെ ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമായിരിക്കും. പലതും കാണുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയും. എന്നാൽ ഗ്ലാമറസായി ജീവിക്കുന്ന പണത്തിന് യാതൊരു ബുദ്ധിമുട്ടുമില്ലാത്ത രാജകുടുംബാംഗങ്ങൾക്ക് ഇതെല്ലാം നിഷിദ്ധമാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സുരക്ഷയും ശുചിത്വവും ഓർത്താണിത്.