റെസിഡൻഷ്യൽ സർട്ടിഫിക്കറ്റിന്റെ ഓൺലൈൻ അപേക്ഷകൻ പൂച്ച. ക്യാറ്റ് കുമാർ എന്നാണ് അപേക്ഷകന്റെ പേര്. പിതാവിന്റെ പേര് കാറ്റി ബോസ്, അമ്മയുടെ പേര് ക്യാറ്റി ദേവി.ബീഹാറിലെ റോഹ്‌തക്കിലാണ് വിചിത്രമായ സംഭവം. പൂച്ചയുടെ ഫോട്ടോയാണ് അപേക്ഷകന്റെ ഫോട്ടോയ്ക്ക് പകരം അപ്‌ലോഡ് ചെയ്തിട്ടുള്ളത്. പൂച്ചയുടെ ചിത്രം ഉപയോഗിച്ച് സർക്കാർ സംവിധാനത്തെ ആരാേ കരുതികൂട്ടി കളിയാക്കുകയാണെന്ന് അധികൃതർ ആരോപിച്ചു.
വിചിത്രമായ അപേക്ഷ കണ്ടെത്തിയതിനെത്തുടർന്ന് റോഹ്‌തക് ജില്ലാ മജിസ്‌ട്രേറ്റ് ഉദിത സിംഗ് നസ്രിഗഞ്ച് പൊലീസ് സ്റ്റേഷനിൽ അജ്ഞാതരായ വ്യക്തികൾക്കെതിരെ കേസെടുക്കാൻ റവന്യൂ ഓഫീസറോട് നിർദ്ദേശിച്ചു. സിസ്റ്റം എങ്ങനെയാണ് ഇത്തരം അപേക്ഷകൾ സ്വീകരിച്ചതെന്നും ആരാണ് ഉത്തരവാദിയെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുകയാണ്. കൗശൽ പട്ടേൽ എന്നയാൾ തന്റെ ജാതി സർട്ടിഫിക്കറ്റിന്റെ അപേക്ഷയെക്കുറിച്ച് അന്വേഷിക്കാൻ വില്ലേജ് ഓഫീസിൽ എത്തിയപ്പോഴാണ് ഇത്തരത്തിൽ പൂച്ചയുടെ പേരിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പരാതി നൽകിയത്.
സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതിനും ഓൺലൈൻ മത്സര പരീക്ഷകളിൽ നേട്ടം കൈവരിക്കാനും ആരോ മനഃപൂർവ്വം തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് തന്റെ ഫോട്ടോ ദുരുപയോഗം ചെയ്തെന്നാണ് പരാതിക്കാരൻ ആരോപിച്ചത്. നായ്ക്കൾ ഉൾപ്പെട്ട സമാനമായ സംഭവത്തിന് ആഴ്ചകൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ആദ്യം രണ്ട് നായ്ക്കൾ, പിന്നീട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഒരു സൊണാലിക്ക ട്രാക്ടറും. ഇതിനു പിന്നാലെയാണ് പൂച്ചയുടെ അപേക്ഷയെത്തുന്നത്.
ഇത്തരം വ്യാജ അപേക്ഷകൾക്ക് പിന്നിലെ ആളുകളുടെ ഉദ്ദേശ്യം എന്താണ് എന്നത് വലിയ ചോദ്യമായി ഉയർന്നുവന്നിട്ടുണ്ട്. ചിലർ ഇത്തരം കാര്യങ്ങൾ തമാശയായി കാണുന്നു. അതേസമയം മറ്റു ചിലർ ഇത് സർക്കാർ സംവിധാനത്തിന്റെ പോരായ്മകൾ ചൂണ്ടികാണിക്കാനുള്ള ശ്രമമായിട്ടാണ് വിശ്വസിക്കന്നത്. എന്നാൽ ഇത്തരം പ്രവൃത്തികൾ സർക്കാർ ജോലിയെ തടസ്സപ്പെടുത്തുക മാത്രമല്ല പൊതുജനങ്ങൾക്കിടയിൽ ഭരണത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും ചെയ്യുന്നതാണ്.