കടലില്‍ നിന്ന് ലഭിക്കുന്ന മത്സ്യങ്ങള്‍ മലയാളികളുടെ ഇഷ്ട വിഭവങ്ങളാണ്. മലയാളികളുടെ തീന്‍ മേശയില്‍ മീന്‍ വിഭവങ്ങള്‍ പതിവുമാണ്. കേരളത്തില്‍ വളരെ സുലഭമായി കിട്ടുന്ന നിരവധി മീനുകളുണ്ടെങ്കിലും മലയാളിക്ക് പ്രത്യേക ഇഷ്ടമുള്ള വിഭവമാണ് മത്തി അഥവാ ചാള. നിരവധി ഗുണങ്ങളുള്ള മീനുകളില്‍ ഒന്നാണത്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍, പ്രോട്ടീന്‍ ധാതുക്കള്‍ എന്നിവകൊണ്ട് സമ്പുഷ്ടമാണ് മത്തി മീനുകള്‍.
ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള കഴിവുള്ള മീനാണ് മത്തി. ഇതില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നത്. മത്തിയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഡി, കാല്‍സ്യം എന്നിവ എല്ലുകളുടേയും പല്ലുകളുടേയും ബലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. മീനിലെ വിറ്റാമിനും മറ്റ് പോഷകങ്ങളും മനുഷ്യനില്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മത്തിയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലെ പ്രോട്ടീന്‍ ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.
മത്തി മീന്‍ പതിവായി കഴിക്കുന്നത് വിശപ്പ് കുറയ്ക്കും. അതിലൂടെ ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും. വിറ്റാമിനും ധാതുക്കളും ചര്‍മ്മത്തിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നുണ്ടെന്നത് മത്തിയുടെ മറ്റൊരു സവിശേഷതയാണ്. മനുഷ്യ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിച്ച് നിര്‍ത്തുകയും നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കാനും സഹായിക്കും. മത്തി മീനില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ക്യാന്‍സര്‍ എന്ന മാരക രോഗത്തെപ്പോലും തടഞ്ഞ് നിര്‍ത്താന്‍ ശേഷിയുള്ളവയാണെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.