liquor

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പന ആരംഭിക്കുന്നുവെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്ത് വരുന്നത്. ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി ചില മാദ്ധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് കാരണമായത്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കുന്നു, ഈ ശുപാര്‍ശ സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് എംഡി പറഞ്ഞത്.

ഈ വാക്കുകളെ തള്ളിയാണ് മന്ത്രി എംബി രാജേഷിന്റെ പ്രസ്താവന. സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുക. അതില്‍ ഇത്തരമൊരു നിര്‍ദേശമില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സര്‍ക്കാരിന് മുന്നില്‍ ഇത്തരമൊരു ശുപാര്‍ശ വയ്ക്കുക മാത്രമാണ് ചെയ്തതെന്നും അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരാണ് കൈക്കൊള്ളുകയെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഓണ്‍ലൈന്‍ മദ്യവില്‍പ്പനയെക്കുറിച്ച് സര്‍ക്കാരിനോട് ശുപാര്‍ശ നല്‍കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ അത് യാഥാര്‍ത്ഥ്യമാകുകയുള്ളൂ. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്‌നാട്ടിലും 5000ല്‍ അധികം മദ്യശാലകളുള്ളപ്പോള്‍ കേരളത്തില്‍ 283 ഔട്ട്‌ലെറ്റുകള്‍ മാത്രമാണുള്ളതെന്നും അതാണ് തിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞിരുന്നു. ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെ ബെവ്‌കോയ്ക്ക് കൂടുതല്‍ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എംഡി പറഞ്ഞിരുന്നു.

സര്‍ക്കാര്‍ നയം മന്ത്രി തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ഓണ്‍ലൈന്‍ വില്‍പ്പനയെന്ന ബെവ്‌കോ എംഡിയുടെ ആശയം നടപ്പിലാകില്ലെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.