coolie

കോളിവുഡ് ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കർ ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് പ്രധാനവേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് "കൂലി". ആഗസ്റ്റ് 14ന് ചിത്രം തീയേറ്ററുകളിൽ എത്തും. ദേവ എന്ന മുൻ ഗാങ് ലീഡറെ ചുറ്റിപ്പറ്റിയുള്ളതാണ് കഥ. നാഗാർജുന, ശ്രുതി ഹാസൻ, പൂജ ഹെഗ്ഡെ, ഉപേന്ദ്ര, ആമിർ ഖാൻ, സൗബിൻ സാഹിർ എന്നിവർ ഉൾപ്പടെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിച്ചന്ദ്രൻ ആണ്. കൂലിയിലെ അഭിനേതാക്കളുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൂലി എന്ന ചിത്രത്തിൽ അഭിനയിക്കാനായി രജനികാന്തിന് 200 കോടി രൂപ പ്രതിഫലമായി നൽകിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ ബുക്കിംഗ് റെക്കോർഡുകൾ ഭേദിച്ചതിനെ തുടർന്ന് വീണ്ടും രജനികാന്തിന് 150 കോടി രൂപ കൂടി നിർമ്മാതാക്കൾ കൊടുക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്.

ബോളിവുഡ് സൂപ്പർസ്റ്റാ‌ർ അമിർ ഖാൻ അതിഥി വേഷത്തിൽ കൂലിയിൽ എത്തുന്നുണ്ട്. ഇതിനായി താരത്തിന് 20 കോടി രൂപ പ്രതിഫലം ലഭിച്ചെന്നാണ് വിവരം. തെലുങ്ക് താരം നാഗാർജുനയ്ക്ക് 10 കോടി രൂപയാണ് പ്രതിഫലമായി നൽകിയത്. നടൻ സത്യരാജിന് അഞ്ച് കോടി രൂപയും പ്രതിഫലമായി ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ശ്രുതി ഹാസന് നാല് കോടി നൽകിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കൂട്ടത്തിൽ കുറവ് പ്രതിഫലം സൗബിൻ ഷാഹിറിനാണ്. ഒരു കോടിയാണെന്നാണ് വിവരം.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിൽ കൂലി റിലീസ് ചെയ്യും. ഏകദേശം 81 കോടി രൂപയ്ക്കാണ് കൂലിയുടെ ഓവർസീസ് വിതരണാവാകാശം വിറ്റുപോയതെന്നാണ് റിപ്പോർട്ട്. തമിഴ് സിനിമയുടെ തന്നെ റെക്കോഡ് ഓവർസീസ് വിതരണത്തുകയാണ് ഇത്. തെലുങ്ക് റൈറ്റ്‌സ് 60 കോടി രൂപയ്ക്ക് നാഗാർജുനയുടെ ബാനറായ അന്നപൂർണ സ്റ്റുഡിയോസ് സ്വന്തമാക്കി എന്ന് റിപ്പോർട്ടുണ്ട്. തീയേറ്ററുകളിലെ പ്രദർശനത്തിന് ശേഷം ചിത്രം ഒക്ടോബറിൽ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.