കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് നിവിൻ പോളിയും എബ്രിഡ് ഷൈനും ചേർന്ന് ഒരു കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിർമ്മാതാവ് ഷംനാസ് സമർപ്പിച്ച കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
'മഹാവീര്യർ' എന്ന നിവിൻ പോളി ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായിരുന്നു പരാതിക്കാരനായ ഷംനാസ്. ആ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് 90 ലക്ഷം രൂപയിലധികം കിട്ടാനുണ്ടെന്നാണ് ഷംനാസിന്റെ അവകാശവാദം. കൂടാതെ നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജു2 എന്ന പുതിയ ചിത്രത്തിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞുകൊണ്ട് ഒരു കോടി 90 ലക്ഷം വാങ്ങുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഈ ഘട്ടത്തിൽ മറ്റൊരു സ്ഥാപനത്തിന് ചിത്രത്തിന്റെ വിതരണാവകാശമടക്കം നൽകിയെന്നും അങ്ങനെയാണ് ഒരു കോടി 90 ലക്ഷം രൂപ നഷ്ടമായതെന്നും പരാതിയിൽ പറയുന്നു.
എന്നാൽ കോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്നും എറണാകുളം സബ് കോടതി ഈ വിഷയം പരിഗണിക്കുമ്പോൾ തലയോലപ്പറമ്പ് പൊലീസ് ഷംനാസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കാരണവുമില്ലാതെ കേസുമായി മുന്നോട്ട് പോകുകയാണെന്നും ഇരുവരും വാദിച്ചു. സബ് കോടതി വിധി വരുന്നതിന് മുമ്പുള്ള പൊലീസ് അന്വേഷണം അനാവശ്യമാണെന്ന് നിവിനും ഷൈനും കോടതിയിൽ വാദിച്ചു. ഇതിനെത്തുടർന്നാണ് ഹൈക്കോടതി ഇപ്പോൾ കേസ് അന്വേഷണം സ്റ്റേ ചെയ്തത്.