doctor

പ്ലാസ്റ്റിക് സര്‍ജറി എന്നാല്‍ സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ ആണ് എന്നാണ് ഭൂരിഭാഗം പൊതുജനങ്ങളുടെയും ധാരണ. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി എന്നു പറയുന്ന വിശാലമായ വിഷയത്തിന്റെ ഒരു ഭാഗം മാത്രമാണ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍. അപകടങ്ങളില്‍ ഉണ്ടാകുന്ന മുറിവുകള്‍ ചികിത്സിക്കുന്നതില്‍ പ്ലാസ്റ്റിക് സര്‍ജന് ഒരു പ്രധാന പങ്കുണ്ട്. ദൈനംദിന ജീവിതത്തിലുണ്ടാകാവുന്ന ചെറുതും എന്നാല്‍ നമ്മുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായും ബാധിക്കുന്ന ഒന്നായ വിരല്‍ത്തുമ്പിലെ മുറിവുകളും പ്ലാസ്റ്റിക് സര്‍ജനാണ് ചികിത്സിക്കുന്നത്.


എപ്പോഴാണ് വിരല്‍ത്തുമ്പുകള്‍ മുറിയുന്നത്?

അടുക്കളയില്‍ കത്തി, മിക്‌സി എന്നിവ കൈകാര്യം ചെയ്യുമ്പോള്‍, ജോലിയുടെ ഭാഗമായി തടി മുറിക്കുന്ന യന്ത്രം, കട്ടര്‍ മിഷന്‍, ചപ്പാത്തി ഉണ്ടാക്കുന്ന യന്ത്രം, ഗ്രൈന്‍ണ്ടര്‍ തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോള്‍, ബൈക്കുകള്‍ സ്റ്റാര്‍ട്ട് ആക്കി വച്ചുകൊണ്ട് ബൈക്ക് ചെയിന്‍ വൃത്തിയാക്കുമ്പോള്‍, അടയുന്ന വാതിലിന്റെ ഇടയില്‍ വിരലുകള്‍ പെട്ടുപോകുമ്പോള്‍, ഇരുചക്രവാഹന അപകടങ്ങള്‍, മോതിരം എവിടെയെങ്കിലും കോര്‍ത്ത് വലിയുമ്പോള്‍, സാധാരണയായി ഈ അവസരങ്ങളില്‍ വിരലുകള്‍ മുറിയാന്‍ സാദ്ധ്യതയുണ്ട്.


വിരല്‍ മുറിയുമ്പോള്‍ എന്താണ് ചെയ്യേണ്ടത്?

ഏതൊരു മുറിവിനെയും പോലെ വിരല്‍ത്തുമ്പുകള്‍ മുറിയുമ്പോള്‍ ആദ്യം ചെയ്യേണ്ടത് മുറിഞ്ഞ ഭാഗം വൃത്തിയായി കഴുകുക, പിന്നീട് വൃത്തിയുള്ള തുണി വച്ച് പൊതിഞ്ഞ് രക്തപ്രവാഹം നിര്‍ത്തുവാനായി അമര്‍ത്തിപ്പിടിക്കുക എന്നിവയാണ്. വിരലിന്റെ ഭാഗം പൂര്‍ണമായി വേര്‍പെട്ടുപോയി എങ്കില്‍, ആ ഭാഗം തിരിച്ചു പിടിപ്പിക്കുവാന്‍ സാധിക്കുമോ എന്നറിയാനായി ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്.

എങ്ങനെയാണ് അറ്റുപോയ വിരല്‍ സൂക്ഷിക്കേണ്ടത്?

അറ്റുപോയ ഭാഗം വൃത്തിയായി കഴുകി ഒരു നനഞ്ഞ തുണി കൊണ്ട് പൊതിയുക, ശേഷം അത് ഒരു കവറില്‍ ഇട്ട് കവറിന്റെ വായ കെട്ടുക, മറ്റൊരു കവര്‍ എടുത്ത് അതിലേക്ക് ഐസ് കട്ടയും വെള്ളവും ഇടുക. രണ്ടാമത്തെ കവറിലേക്ക് ആദ്യത്തെ കവര്‍ വയ്ക്കുക. വിരലിന്റെ ഭാഗം നേരിട്ട് ഐസുമായി തൊട്ട് തൊട്ടിരിക്കുന്നത് ഒഴിവാക്കുക.


എന്തൊക്കെ സര്‍ജറികള്‍ ആണ് വിരലില്‍ ചെയ്യുന്നത്?

അറ്റുപോയ വിരലിന്റെ ഭാഗം തുന്നിച്ചേര്‍ക്കുന്ന ശസ്ത്രക്രിയ, നഖത്തിലെ മുറിവുകള്‍ തുന്നുക, എല്ലുകള്‍ തുറന്നു വന്ന മുറിവുകളില്‍ എല്ലു മൂടാനായി ദശ നീക്കി വയ്ക്കുക, ഒരു വിരല്‍ താല്‍ക്കാലികമായി മറ്റൊരു വിരലിനോട് ചേര്‍ത്തു വയ്ക്കുന്ന ശസ്ത്രക്രിയ, വിരല്‍ വയറിലോ നെഞ്ചിലോ താല്‍ക്കാലികമായി ചേര്‍ത്തു വയ്ക്കുന്ന ശസ്ത്രക്രിയ എന്നിങ്ങനെ വിവിധ തരം ശാസ്ത്രക്രിയകളുണ്ട്.

എപ്പോഴാണ് പ്ലാസ്റ്റിക് സര്‍ജനെ സമീപിക്കേണ്ടത്?

വിരലിലെ മുറിവുകളും മുഴകളും എത്ര ചെറുതാണെങ്കിലും അവ ചികിത്സിക്കാനായി നിങ്ങള്‍ എപ്പോഴും പ്ലാസ്റ്റിക് സര്‍ജനെ തന്നെ സമീപിക്കുക. കാരണം വിരല്‍ത്തുമ്പുകള്‍ അത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ദൈനംദിന ജീവിതത്തില്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുമ്പോഴും എഴുതുവാനും എല്ലാം തന്നെ വിരല്‍ത്തുമ്പുകള്‍ ആരോഗ്യപരമായി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

വിരലുകള്‍ സംരക്ഷിക്കാന്‍ ചെയ്യേണ്ടത് എന്തെല്ലാം?

മൂര്‍ച്ചയേറിയ സാധനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കട്ടിയുള്ള കൈയ്യുറകള്‍ ഉപയോഗിക്കുക, യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, ജോലി ചെയ്യുന്ന സമയത്ത് ധൃതിയും ശ്രദ്ധക്കുറവും ഒഴിവാക്കുക, വാതിലുകള്‍ കുട്ടികള്‍ വലിച്ചടക്കാതിരിക്കാനായി ഡോര്‍ സ്റ്റോപ്പറുകള്‍ ഉപയോഗിക്കുക, കായിക വിനോദങ്ങളില്‍ സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കുക.


പ്രത്യക്ഷത്തില്‍ വലിയ പ്രശ്‌നങ്ങളോ, ജീവഹാനിയോ ഒന്നും ഉണ്ടാകുന്നില്ലെങ്കിലും വിരലിന്റെ മുറിവുകള്‍ നമ്മുടെ ജോലിയെയും സുഗമമായ ജീവിതത്തെയും സാരമായി ബാധിക്കുന്ന ഒന്നാണ്. കൂടുതല്‍ വിരലുകള്‍ മുറിഞ്ഞാല്‍ ഭക്ഷണം കഴിക്കുവാനും പ്രാഥമിക ആവശ്യങ്ങള്‍ക്കും നമുക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ടതായി വരും. കൃത്യമായ ചികിത്സ, ശസ്ത്രക്രിയ, ഫിസിയോതെറാപ്പി എന്നിവയിലൂടെ നമുക്ക് വിരലുകളുടെ പ്രവര്‍ത്തനം വീണ്ടെടുക്കാം.

Dr. Lisha N. P.
Plastic and Reconstructive Surgeon
SUT Hospital, Pattom