georgina-

പോർച്ചുഗീസ് ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ, തന്റെ ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസുമായി വിവാഹനിശ്ചയം നടത്തിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. റൊണാൾഡോ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ നൽകിയ വിലയേറിയ മോതിരത്തിന്റെ ചിത്രം ജോർജിന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ മോതിരത്തിന്റെ വില എത്രയായിരിക്കാം എന്ന ചോദ്യവും ഉയരുന്നുണ്ട്.

അഞ്ച് സെന്റിമീറ്ററിൽ കൂടുതൽ നീളമുള്ള മോതിരം ഓവൽ ആകൃതിയിലുള്ള ഒരു വലിയ വജ്രവും അതിന് ഇരുവശത്തുമായി രണ്ട് ചെറിയ കല്ലുകളുമാണുള്ളത്. ന്യൂയോർക്കിലെ പ്രശസ്‌ത ആഭരണ വിദഗ്ദ്ധയായ ബ്രയോണി റെയ്‌മണ്ടിന്റെ അഭിപ്രായത്തിൽ വലിയ വജ്രത്തിന് 25 മുതൽ 30 കാരറ്റ് വരെ ഭാരമുണ്ടാകാം. പ്രമുഖ ജുവലറി ബ്രാൻഡായ ഫ്രാങ്ക് ഡാർലിംഗിന്റെ സ്ഥാപകനായ കീഗൻ ഫിഷറിന്റെ അഭിപ്രായത്തിൽ, വശങ്ങളിലുള്ള രണ്ട് വജ്രങ്ങൾക്ക് ഏകദേശം ഒരു കാരറ്റ് ഭാരവും വരാം. അതിനാൽതന്നെ ഇതൊരു പ്രീമിയം മോതിരമാണ്. വിദഗ്ദ്ധരുടെ വിലയിരുത്തൽ പ്രകാരം, ഇതിന് ഏകദേശം രണ്ട് മുതൽ അഞ്ച് ദശലക്ഷം വരെ വിലവരും. എന്നുവച്ചാൽ, ഏകദേശം 16.8 കോടി മുതൽ 42 കോടി രൂപ വരെ.

കഴിഞ്ഞ എട്ട് വർഷമായി റൊണാൾഡോയും ജോർജിനയും ഒരുമിച്ച് കഴിയുകയാണ്. 2015ൽ സ്‌പെയിനിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. മാഡ്രിഡിലെ ഗുച്ചി റീട്ടെയിൽ സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു അപ്പോൾ ജോർജിന. ക്രമേണ ഇരുവരും തമ്മിൽ പ്രണയത്തിലാവുകയായിരുന്നു.