cricket

ഡാര്‍വിന്‍: ഓസ്‌ട്രേലിയക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. 53 റണ്‍സിന് ആതിഥേയരെ തകര്‍ത്ത് എയ്ഡന്‍ മാര്‍ക്രവും സംഘവും പരമ്പരയില്‍ ഒപ്പമെത്തുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, യുവതാരം ഡിവാള്‍ഡ് ബ്രെവിസിന്റെ തകര്‍പ്പന്‍ സെഞ്ച്വറി 125*(56) മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് അടിച്ച് കൂട്ടിയിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന്റെ മറുപടി 17.4 ഓവറില്‍ 165 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ടി20യില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ബ്രെവിസിന് സ്വന്തമായി. 56 പന്തുകളില്‍ നിന്ന് 12 ബൗണ്ടറിയും എട്ട് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു 'ബബി എ.ബി'ുടെ ഇന്നിംഗ്‌സ്. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 31(22), എയ്ഡന്‍ മാര്‍ക്രം 14(10), ലുഹാന്‍ ഡ്രെ പ്രിട്ടോറിയസ് 10(10), വാന്‍ ഡെര്‍ ഡുസന്‍ 5(3), കോര്‍ബിന്‍ ബോഷ് 0(3), കാഗിസോ റബാഡ 5(4) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഓസീസിനായി ബെന്‍ ഡ്വാര്‍ഷ്യസ് ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ ടിം ഡേവിഡ് 50(24) ആണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി 26(18), ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് 22(13) എന്നിവരാണ് പിന്നീട് പിടിച്ചുനിന്നത്. ട്രാവിസ് ഹെഡ് 5(8), കാമറൂണ്‍ ഗ്രീന്‍ 9(7), മിച്ചല്‍ ഓവന്‍ 8(13) എന്നിവര്‍ നിരാശപ്പെടുത്തി. ക്വെന മഫാക, കോര്‍ബിന്‍ ബോഷ് എന്നിവര്‍ ദക്ഷിണാഫ്രിക്കയ്ക്കായി മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മൂന്ന് മത്സര പരമ്പരയില്‍ ഇരുടീമുകളും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്.