coconut-oil

തിരുവനന്തപുരം : ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. എഴ് ജില്ലകളില്‍ നിന്ന് 16,565 ലിറ്റര്‍ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധനകള്‍ കടുപ്പിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കൊല്ലത്ത് നിന്നാണ് ഏറ്റവുമധികം വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തത്. വ്യാജ എഫ്.എസ്.എസ്.എ.ഐ. നമ്പരിലും വ്യാജ വിലാസത്തിലും പായ്ക്ക് ചെയ്ത് വില്‍പ്പനയ്ക്കായി തയ്യാറാക്കിയ 5800 ലിറ്റര്‍ കേര സൂര്യ, കേര ഹരിതം ബ്രാന്‍ഡ് വെളിച്ചെണ്ണ ഉള്‍പ്പെടെ 9337 ലിറ്റര്‍ വെളിച്ചെണ്ണയാണ് പിടിച്ചെടുത്തത്. മണ്ണാറശാല പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും നിലവാരമില്ലാത്ത 2480 ലിറ്റര്‍ ഹരി ഗീതം വെളിച്ചെണ്ണയും ആലപ്പുഴയില്‍ നിന്ന് 6530 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയും പിടിച്ചെടുത്തു.

കൊല്ലം,ആലപ്പുഴ ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം,കോട്ടയം,എറണാകുളം ,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളിലാണ് പരിശോധന നടന്നത്. 11സ്റ്റാറ്റിറ്റിയൂട്ടറി സാമ്പിളുകളും 20സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു. വിവിധ ജില്ലകളിലെ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധനകള്‍ നടത്തിയത്. വെളിച്ചെണ്ണയുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 1125 ലേക്ക് അറിയിക്കാം.


തെറ്റിദ്ധരിപ്പിക്കുന്ന ലേബല്‍ ഒട്ടിച്ച 6500 ലിറ്രര്‍ വെളിച്ചെണ്ണ പിടികൂടി

ആലപ്പുഴ: തെറ്റിദ്ധരിപ്പിക്കുന്ന ലേബല്‍ പതിച്ച് വില്പന നടത്തിയെന്ന പരാതിയെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ 6500 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു. ഹരിപ്പാട് തുലാംപറമ്പ് വടക്ക് പ്രവര്‍ത്തിക്കുന്ന ഹരിഗീതം ഓയില്‍ മില്ലിലായിരുന്നു പരിശോധന. ഭക്ഷ്യസുരക്ഷാ മാനദണ്ഡപ്രകാരം ഉപയോഗിക്കാന്‍ പാടില്ലാത്ത വാചകങ്ങള്‍ ലേബലിലുള്‍പ്പെടുത്തിയാണ് വെളിച്ചെണ്ണ പാക്കറ്റുകളാക്കി വില്പന നടത്തുന്നതെന്ന് കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത വെളിച്ചെണ്ണ ലേബലില്ലാതെ കന്നാസുകളിലാക്കി വില്‍പ്പന നടത്തുന്നതും ബോദ്ധ്യപ്പെട്ടു.

കണ്ടെയ്‌നര്‍ ലോറിയില്‍ കന്നാസുകളിലും വലിയ ക്യാനുകളിലും ഭക്ഷ്യഎണ്ണ വിതരണത്തിനായി അനധികൃതമായി സൂക്ഷിച്ചിരുന്നു. ശേഖരിച്ച സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണര്‍ വൈ.ജെ.സുബിമോളുടെ നേതൃത്വത്തില്‍ ഹരിപ്പാട് ഫുഡ് സേഫ്ടി ഓഫീസര്‍ എസ്.ഹേമാംബിക , ആലപ്പുഴ ഫുഡ് സേഫ്ടി ഓഫീസര്‍ വി.രാഹുല്‍ രാജ് , ചെങ്ങന്നൂര്‍ ഫുഡ് സേഫ്ടി ഓഫീസര്‍ ആര്‍.ശരണ്യ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.