ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ വൻതോതിലുള്ള വോട്ട് തട്ടിപ്പ് നടന്നുവെന്ന കോൺഗ്രസ് ആരോപണങ്ങൾക്കെതിരെ രാമ ജാനകി മഠത്തിലെ സന്യാസികൾ. കോൺഗ്രസിന്റെ ആരോപണം ഇവർ നിഷേധിച്ചു. രാംകമൽ ദാസ് എന്നയാളുടെ മക്കൾ എന്ന പേരിൽ 50 പേരുകൾ വോട്ടർപട്ടികയിൽ ചേർത്തിരുന്നു. ഇത് സത്യമാണെന്നാണ് സന്യാസിമാർ അഭിപ്രായപ്പെടുന്നത്.
വാരാണസിയിലെ വാർഡ് നമ്പർ 51ലെ കാശ്‌മീരിഗഞ്ച് പ്രദേശത്തെ ഒരു വോട്ടർ പട്ടികയിലാണ് ഈ ക്രമക്കേട് നടന്നതെന്ന് കാട്ടി യുപി കോൺഗ്രസ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും ഇട്ടിരുന്നു. ഇളയ മകൻ രാഘവേന്ദ്ര - 28 വയസ്, മൂത്ത മകൻ ബൻവാരി ദാസ് - 72 വയസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്രയും വലിയ പൊരുത്തക്കേടിനെ ചെറിയൊരു തെറ്റാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളയുമോ എന്നും അവർ ചോദിച്ചിട്ടുണ്ട്. ഇത്തരം വോട്ട് മോഷണങ്ങളിലൂടെ ബനാറസിലെ ജനങ്ങളെ മുഴുവൻ വഞ്ചിക്കുകയാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഹിന്ദിയിലായിരുന്നു പോസ്റ്റിട്ടിരുന്നത്.
2023ലെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പട്ടികയിൽ നിന്നുള്ള വോട്ടർമാരുടെ വിവരമാണ് പോസ്റ്റ് ചെയ്‌തിരുന്നത്. ഇതിൽ B 24/19 എന്ന വിലാസത്തിൽ അൻപതിലധികം വോട്ടർമാരെ ചേർത്തിട്ടുണ്ട്. ഇതിൽ 37 വയസുള്ള 13 പേരും, 39 വയസുള്ള അഞ്ച് പേരും, 40 വയസുള്ള നാല് പേരും, 40 വയസുള്ള 26പേരും, 72 വയസുള്ള രണ്ട് പേരും ഉൾപ്പെടുന്നു. എന്നാൽ, റിപ്പോർട്ട് പ്രകാരം ഇവരെല്ലാം ഒരേ മേൽവിലാസത്തിൽ താമസിക്കുന്നവരാണ്. ഇതൊരു വീടല്ല ആചാര്യ രാംകമൽ ദാസ് സ്ഥാപിച്ച രാമ ജാനകി മഠം ക്ഷേത്രത്തിന്റേതാണെന്ന് കണ്ടെത്തി.
ക്ഷേത്രത്തിന്റെ നിലവിലെ മാനേജർ രാംഭരത് ശാസ്ത്രി പട്ടികയുടെ ആധികാരികത സ്ഥിരീകരിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു സന്യാസ ജീവിതത്തിന്റെ ഗുരു-ശിഷ്യ പാരമ്പര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലൗകിക ജീവിതം ഉപേക്ഷിച്ച ശിഷ്യന്മാർ അവരുടെ ഗുരുവിനെ പിതാവായി കണക്കാക്കുന്നുവെന്നും ശാസ്‌ത്രി വിശദീകരിച്ചു. മാത്രമല്ല, എല്ലാ രേഖകളിലും പിതാവിന്റെ സ്ഥാനത്ത് ഗുരുവിന്റെ പേര് ചേർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.