supreme-court

ന്യൂഡൽഹി: കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസിമാരുടെ പുനർനിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിക്കെയാണ് വിമർശനം. ഗവർണർ എന്തിനാണ് സ്തംഭനാവസ്ഥ സൃഷ്ടിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. സ്ഥിരം വിസി നിയമനത്തിന് സർക്കാരിന് അ‌ഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ യുജിസ് ചട്ടമനുസരിച്ച് മാത്രമേ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സാധിക്കൂ എന്ന അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. സെർച്ച് കമ്മിറ്റിയുടെ കാര്യത്തിൽ എന്തിനാണ് തർക്കമെന്നും കോടതി ചോദിച്ചു. തർക്കം ഒഴവാക്കിയില്ലെങ്കിൽ അഞ്ചംഗ കമ്മിറ്റിയെ കോടതി നിയോഗിക്കാമെന്ന് ജസ്റ്റിസ് പർദ്ദിവാല വ്യക്തമാക്കി. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നാല് പേരുകൾ വീതം കൈമാറാനും ശേഷം കോടതി സെര്‍ച്ച് കമ്മറ്റിയെ നിയമിക്കും എന്നുമാണ് കോടതി നിലവില്‍ അറിയിച്ചിട്ടുള്ളത്. നാളെ കേസ് വീണ്ടും പരിഗണിക്കും.

ഗവർണർ ഏകപക്ഷീയമായാണ് താൽക്കാലിക വിസിമാരെ നിയമിച്ചതെന്നും ഇത് ചട്ടവിരുദ്ധമായതിനാൽ ഉത്തരവ് റദ്ദാക്കണമെന്നുമാണ് കേരളം നൽകിയ അപേക്ഷയിൽ പറയുന്നത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിന് വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോണി ജനറൽ കോടതിയെ അറിയിച്ചത്. നിലവിലെ ഗവർണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സർക്കാർ വാദിച്ചു.

കേരള സാങ്കേതിക സർവകലാശാല,​ ഡിജിറ്റൽ സർവകലാശാല വിസിമാരെ പുറത്താക്കിയ ഹൈക്കോടതി വിധിക്കെതിരെ നേരത്തെ ഗവർണർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നുത്. അന്ന് സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്ഥിരം വിസിമാരെ നിയമിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങണമെന്ന് സുപ്രീംകോടതി കർശന നിർദ്ദേശം നൽകിയിരുന്നു.