beauty

പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും. അതിലൊന്നാണ് നര. വളരെ സ്വാഭാവികമാണ് ഈ മാറ്റമെങ്കിലും ഭൂരിഭാഗംപേർക്കും ഇഷ്‌ടം കറുത്ത മുടി തന്നെയാണ്. അതിനാൽ മുടി കറുപ്പിക്കാനായി വിപണിയിൽ ലഭ്യമായ കെമിക്കൽ ഡൈ വാങ്ങി ഉപയോഗിക്കുന്നു. മുടി കറുക്കുമെങ്കിലും അമിതമായ ഡൈ ഉപയോഗം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ നിങ്ങൾക്ക് ഇനി മുടി കറുപ്പിക്കാം. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഡൈ പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

വെള്ളം - 1 കപ്പ്

ഉലുവ - 1 ടീസ്‌പൂൺ

മുരിങ്ങയില - ഒരു പിടി

ചായപ്പൊടി - 1 ടീസ്‌പൂൺ

നെല്ലിക്കപ്പൊടി - 1 ടീസ്‌പൂൺ

മൈലാഞ്ചിപ്പൊടി - 1 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഇരുമ്പ് ചീനച്ചട്ടിയിൽ വെള്ളം ചൂടാക്കി അതിലേക്ക് ഉലുവ, മുരിങ്ങയില എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. നിറം മാറി വരുമ്പോൾ ഇതിലേക്ക് ചായപ്പൊടി കൂടി ചേർത്ത് തിളപ്പിച്ച് കുറുക്കിയെടുക്കുക. തണുക്കുമ്പോൾ ഈ വെള്ളം അരിച്ചെടുക്കുക. ശേഷം അത് ഇരുമ്പ് ചീനച്ചട്ടിയിലേക്ക് നെല്ലിക്കപ്പൊടിയും മൈലാഞ്ചിപ്പൊടിയും എടുത്ത് ഈ വെള്ളം കൂടി ചേർത്ത് ക്രീം രൂപത്തിലാക്കുക. ഒരു ദിവസം മുഴുവൻ അടച്ച് സൂക്ഷിക്കുക. നല്ല കറുത്ത നിറത്തിലാകും ഡൈ ലഭിക്കുക.

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയ മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക. ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഇതിനായി ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്‌ചയിൽ ഒരു തവണ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. നരച്ച മുടി കറുക്കാൻ മാത്രമല്ല, പുതിയ മുടികൾ കറുക്കാനും ഈ ഡൈ സഹായിക്കും.