narendra-singh

ജയ്പൂർ: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് ഡി‌ആർ‌ഡി‌ഒ ഗസ്റ്റ് ഹൗസ് മാനേജർ അറസ്റ്റിൽ.
രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ചിനടുത്തുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ടെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി‌ആർ‌ഡി‌ഒ) ഗസ്റ്റ് ഹൗസിലെ കരാർ മാനേജരായ ഉത്തരാഖണ്ഡ് സ്വദേശി മഹേന്ദ്ര സിംഗാണ് (32) പിടിയിലായത്.

പാകിസ്ഥാന്റെ ഐ‌എസ്‌ഐ ഏജൻസിക്ക് വേണ്ടിയാണ് ഇയാൾ ചാരവൃത്തി നടത്തിയതെന്ന് വിവരം. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജസ്ഥാൻ പൊലീസിന്റെ സിഐഡി വിഭാഗം സംസ്ഥാനത്ത് കർശനമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനെ തുടർന്ന് മഹേന്ദ്ര സിംഗും നിരീക്ഷണത്തിലായി.

സിഐഡി ഇന്റലിജൻസ് ഓഗസ്റ്റ് 12നാണ് മഹേന്ദ്രനെ കുരുക്കിയത്. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് ഇയാൾ ഐ‌എസ്‌ഐയുമായി ബന്ധം സ്ഥാപിച്ചത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ ചോദ്യം ചെയ്യലിൽ ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഡി‌ആർ‌ഡി‌ഒ ശാസ്ത്രജ്ഞർ, ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ, മിസൈൽ പരീക്ഷണങ്ങൾ എന്നിവയെക്കുറിച്ച് പ്രാധാന്യമേറിയ രഹസ്യ വിവരങ്ങൾ പങ്കിട്ടതായും റിപ്പോർട്ടുണ്ട്. ചാരവൃത്തിയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സിഐഡി വകുപ്പ് അന്വേഷിക്കുന്നുണ്ട്.

വിവിധ മിസൈലുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ആയുധങ്ങളുടെ പരീക്ഷണം നടക്കുന്ന സ്ഥലമാണ് ജയ്‌സാല്‍മീറിലെ ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച്. ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.