mahesh
മഹേഷ് കുമാർ

പാലക്കാട്: 2024ലെ സംസ്ഥാന കേര കേസരി പുരസ്കാരം ചിറ്റൂർ പെരുമാട്ടി നല്ലൂർക്കാട് മഹേഷ് കുമാറിന്(48). രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 17 ന് തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി സമ്മാനിക്കും. പ്രതികൂല കാലാവസ്ഥയിലും മണ്ണിൽ പൊന്നുവിളയിച്ചാണ് യുവാവ് കൃഷിവകുപ്പിൻ്റെ പുരസ്കാരത്തിന് അർഹനായത്. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന പെരുമാട്ടി അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയായ മീനാക്ഷിപുരത്താണ് മഹേഷ് കുമാർ തന്റെ സ്വായത്തമായ കാർഷിക വൃത്തിയിലൂടെ വേറിട്ട പാത തീർത്തിരിക്കുന്നത്. 20 ഏക്കർ തോപ്പിലാണ് മഹേഷ് കുമാർ കാർഷിക മേഖലയിൽ വിജയഗാഥ രചിച്ചത്.

വെള്ളത്തിന്റെ ദൗർലഭ്യം നേരിട്ടിരുന്ന ഇവിടെ ഇതുപരിഹരിക്കാൻ തന്റെ വീടിനടുത്തുള്ള തോട്ടത്തിൽ നിന്ന് നാല് കി.മീ അകലെയുള്ള ചിറ്റൂർ പുഴയോടും പുഴക്കരയോടും ചേർന്നുള്ള തന്റെ തെങ്ങിൻ തോട്ടങ്ങളിൽ 40 അടി ആഴവും 40 അടി വീതിയും 50 അടി നീളവും ഉള്ള കിണറുകൾ കുഴിക്കുകയും ഈ കിണറുകളെ തമ്മിൽ ഭൂഗർഭ പൈപ്പ് ലൈൻ വഴി ബന്ധിപ്പിക്കുകയും ചെയ്തു. വേനൽ കടുക്കുമ്പോൾ പുഴയോട് ചേർന്നുള്ള കിണറ്റിൽ നിന്നുള്ള ജലം ഉപയോഗിക്കുന്നു. ഭൂഗർഭ പൈപ്പുലൈൻ വഴി വെള്ളമെത്തിച്ച മഹേഷ് കുമാർ കൃഷിയോടുള്ള തന്റെ അഭിനിവേശത്തിന് കരുത്തേകി. തോപ്പിൽ 1500 തെങ്ങുകൾക്ക് പുറമെ പപ്പായ, കുരുമുളക് , ഏലം ഗ്രാമ്പു, മാംഗോസ്റ്റിൻ, മാവ്, സപ്പോട്ട, നാരകം, പേര, കുടമ്പുളി കൂടാതെ കായം, നിലമ്പൂർ തേക്ക് തുടങ്ങിയവ നട്ടുവളർത്തിയിട്ടുണ്ട്. ഇതിനു പുറമെ ഔഷധ സസ്യങ്ങളായ നീലയമരി, മഞ്ഞൾ, പച്ചക്കറി കൃഷി, പശു, കോഴി വളർത്തൽ, മത്സ്യകൃഷി എന്നിവയും നടത്തി വരുന്നു. പെരുമാട്ടി കൃഷി ഓഫീസർ ശ്രീതു, അസ്സി. കൃഷി ഓഫീസർ അനിലി, കൃഷി അസ്സിസ്റ്റന്റുമാരായ സതീഷ്, സബീന, സി.എച്ച്.എം ദീപ്തി തുടങ്ങിയവരുടെ നിരന്തരമായ മാർഗ്ഗ നിർദേശങ്ങൾ മഹേഷ് കുമാറിനു സഹായകമായി. മഹേഷിന്റെ പിതാവ്: നാച്ചിമുത്തു കൗണ്ടർ. മാതാവ്: ശിങ്കാരി. ഭാര്യ: കലൈവാണി. മകൻ: നിദർശൻ. സഹോദരൻ: ചന്ദ്രശേഖരൻ.