തൃശൂർ: സ്ഥാനമാനങ്ങളല്ല, ചുമതലകളാണ് പ്രധാനമെന്ന ബോദ്ധ്യമാണ് എഴുത്തുകാരനും റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ടി.എൻ.ജയചന്ദ്രനെ ഇത്രമാത്രം വിനീതനാക്കിയതെന്ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ. തുമ്പമൺ തങ്കപ്പൻ എഡിറ്റ് ചെയ്ത 'നവതിയുടെ നിറവിൽ, ടി.എൻ.ജയചന്ദ്രൻ ആദരണിക' ടി.എൻ.ജയചന്ദ്രന് സമർപ്പിച്ച് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഗാധമായ മൂല്യബോധമാണ് അദ്ദേഹത്തിന്റെ ജീവിതം പ്രകാശമാനമാക്കുന്നത്. രാഷ്ട്രീയത്തിന് ജനാധിപത്യ മൂല്യം കുറഞ്ഞുപോകുന്ന കാലത്ത് അദ്ദേഹത്തിന്റെ ജീവിതവും ഈ ഗ്രന്ഥവും ഏറെ പ്രസക്തമാണ്. എഴുത്തുകാരുമായുള്ള അദ്ദേഹത്തിന്റെ അഭിമുഖങ്ങൾ അവിസ്മരണീയങ്ങളാണ്. അത് സാഹിത്യ അക്കാഡമി അടക്കമുള്ള സ്ഥാപനങ്ങൾക്ക് സമാഹരിക്കാൻ കഴിയും. സാംസ്‌കാരിക വകുപ്പിനായി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളും മറക്കാനാവില്ല. അദ്ധ്യാപനത്തിൽ നിന്നാണ് ജീവിതം തുടങ്ങിയത്.അതുകൊണ്ട് ഏതെങ്കിലും താൽപര്യങ്ങൾക്ക് വഴങ്ങാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ജയചന്ദ്രന്റെ ജീവിതമൂല്യങ്ങളും നൈതികതയും ധാർമ്മികതയുമെല്ലാം ഈ ഗ്രന്ഥത്തിൽ വ്യക്തമാണെന്നും സച്ചിദാനന്ദൻ പറഞ്ഞു.
ശാരീരിക അവശതകൾ മറന്ന്, ഏറെ വർഷങ്ങൾക്ക് ശേഷമാണ് ജയചന്ദ്രൻ പൊതുവേദിയിലെത്തിയത്. മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ അദ്ധ്യക്ഷനായി. മുൻ എം.പി. സി.എൻ.ജയദേവൻ, അക്കാഡമി സെക്രട്ടറി സി.പി.അബൂബക്കർ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി.മോഹനചന്ദ്രൻ, കെ.ജെ.വാസുദേവൻ എന്നിവർ പ്രസംഗിച്ചു. തുമ്പമൺ തങ്കപ്പൻ പുസ്തക പരിചയം നടത്തി. അനുരാധ അജയ് കുമാർ സ്വാഗതവും അംബിദാസ് കെ.കാരേറ്റ് നന്ദിയും പറഞ്ഞു. ജയചന്ദ്രന്റെ ചില ലേഖനങ്ങളും അദ്ദേഹത്തെക്കുറിച്ച് സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും എഴുതിയ ഓർമ്മക്കുറിപ്പും അദ്ദേഹത്തിന്റെ കൃതികളെക്കുറിച്ച് തങ്കപ്പന്റെ വിശകലനവും അടങ്ങുന്നതാണ് പുസ്തകം.