sbi

മുംബയ്: ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകളുടെ നിരക്ക് പുതുക്കി എസ്ബിഐ. 25,000 രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകൾക്ക് ഇപ്പോഴുള്ള പോലെ സൗജന്യം തുടരും. എന്നാൽ 25,000 മുതൽ ഒരുലക്ഷം വരെ ഉള്ള ഇടപാടുകൾക്ക് രണ്ട് രൂപയും ജിഎസ്‌ടിയും ഈടാക്കും, എന്നാൽ സാലറി അക്കൗണ്ടുകൾക്ക് സൗജന്യസേവനം തുടരുമെന്നാണ് വിവരം.

ഒരുലക്ഷം രൂപമുതൽ രണ്ട് ലക്ഷം വരെ അയക്കാൻ ആറ് രൂപയും ജിഎസ്‌ടിയുമാണ് നൽകേണ്ടത്. അതിനുമുകളിൽ അഞ്ച് ലക്ഷം വരെ 10 രൂപയും ജിഎസ്‌ടിയും നൽകണം. ഓൺലൈൻ ഇടപാടുകൾക്കാണ് ഈ നിരക്കുകൾ ബാധകം. അതേസമയം ബാങ്ക് ശാഖകൾ വഴിയുള്ള ഐഎംപിഎസ് ഇടപാടുകൾ ഇപ്പോഴത്തേത് തന്നെയായിരിക്കും. ഇതോടെ ഐഎംപിഎസ് നിരക്ക് കുറഞ്ഞത് രണ്ട് രൂപയും കൂടിയത് 20 രൂപയും ജിഎസ്‌ടിയും ആണ്.

കനറാ ബാങ്ക്

ആയിരം രൂപ വരെയുള്ള ഐഎംപിഎസ് ഇടപാടുകൾ സൗജന്യമായിരിക്കും ഇതിനുമുകളിൽ 10,000 രൂപ വരെയുള്ളവക്ക് മൂന്ന് രൂപയും ജിഎസ്‌ടിയും നൽകേണ്ടി വരും, 10,000 മുതൽ 25,000 രൂപവരെ അഞ്ച് രൂപയും ജിഎസ്‌ടിയും 25,000 മുതൽ ഒരു ലക്ഷം വരെയുള്ള ഇടപാടുകൾക്ക് എട്ട് രൂപയും ജിഎസ്‌ടിയുമാണ്. അതിന് മുകളിൽ രണ്ട് ലക്ഷം രൂപ വരെ 15 രൂപയും രണ്ട് ലക്ഷം തൊട്ട് അഞ്ച് ലക്ഷം വരെ 20 രൂപയും ജിഎസ്‌ടിയുമാണ് ഈടാക്കുക.

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്കിലും ആയിരം രൂപവരെ സേവനം സൗജന്യമാണ്. അതിനുമുകളിൽ ഒരു ലക്ഷം രൂപ വരെ ബ്രാഞ്ച് വഴിയാണ് ഇടപാടെങ്കിൽ ആറ് രൂപയും ജിഎസ്‌ടിയുമാണ് നിരക്ക്. ഓൺലൈനെങ്കിൽ അഞ്ച് രൂപയും ജിഎസ്‌ടിയുമാണ് നൽകേണ്ടത്. ഓൺലൈൻ വഴി ഒരു ലക്ഷം മുതൽ മുകളിലേക്ക് ഇടപാടിന് 10 രൂപയും ബാങ്ക് വഴി ഇടപാടിന് 12 രൂപയുമാണ് നിരക്ക്.

നാഷണൽ പേയ്‌മെന്റ് കോർപറേഷൻ വഴി ബാങ്കുകൾ നൽകുന്ന പണമിടപാട് സേവനമാണ് ഐഎംപിഎസ്. പരമാവധി അഞ്ച് ലക്ഷം രൂപവരെയാണ് ഇത്തരത്തിൽ അയക്കാൻ സാധിക്കുക.