upi

ഓണ്‍ലൈന്‍ പണമിടപാടുകളിലെ തട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെ യുപിഐ പേമെന്റുകളില്‍ മറ്റൊരു മാറ്റത്തിന് കൂടി കളമൊരുങ്ങുന്നു. ഒരു ഉപഭോക്താവിന് യുപിഐ വഴി മറ്റൊരാളില്‍ നിന്ന് പണം അഭ്യര്‍ത്ഥിക്കാന്‍ കഴിയുന്ന സേവനമാണ് നിര്‍ത്തലാക്കുന്നത്. പുതിയ മാറ്റം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഒക്ടോബര്‍ 1 മുതല്‍ എല്ലാ പിയര്‍-ടു-പിയര്‍ ധന അഭ്യര്‍ത്ഥനകളും നിര്‍ത്തലാക്കാന്‍ ബാങ്കുകളോടും പേയ്മെന്റ് ആപ്പുകളോടും എന്‍പിസിഐ നിര്‍ദ്ദേശിച്ചു.

ഒരു യുപിഐ അക്കൗണ്ടില്‍ നിന്ന് ഉപഭോക്താവിന് മറ്റൊരു ഉപഭോക്താവിനോട് പണം ആവശ്യപ്പെടുന്നതിന് കളക്ട് റിക്വസ്റ്റ് അഥവാ പുള്‍ ട്രാന്‍സാക്ഷന്‍. എന്നാല്‍ തട്ടിപ്പ് സംഘങ്ങള്‍ നിരവധി ഉപഭോക്താക്കളെ ഈ സംവിധാനം വഴി പറ്റിക്കുകയും സാമ്പത്തികമായി നേട്ടമുണ്ടാക്കുകയും ചെയ്യുന്നുവെന്ന പരാതി വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് എന്‍പിസിഐയുടെ തീരുമാനമെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ഇടപാടിന് 2,000 രൂപയായി പി ടു പി കളക്റ്റ് ഫീച്ചര്‍ നിലവില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. അതേസമയം നിയമാനുസൃതമായ ബിസിനസ് ഇടപാടുകള്‍ നടത്തുന്നതിനായി കളക്റ്റ് അഭ്യര്‍ത്ഥനകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നതിന് തടസ്സമുണ്ടാകില്ല. ഓണ്‍ലൈന്‍ ഭക്ഷണ വിധരണ ശൃംഖലകള്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് പോലുള്ളവയ്ക്ക് കളക്ട് റിക്വസ്റ്റുകള്‍ തുടര്‍ന്നും ലഭ്യമാകും. പ്ലാറ്റ്‌ഫോമുകളുടെ ആപ്പ് അയയ്ക്കുന്ന കളക്ഷന്‍ അഭ്യര്‍ത്ഥന ഉപയോക്താവ് അംഗീകാരം നല്‍കിയാല്‍ മാത്രമാണ് പേയ്മെന്റ് പൂര്‍ത്തിയാകുക.