sibin

ആർജെയും മുൻ ബിഗ്ബോസ് താരവുമായ സിബിൻ ബെഞ്ചമിൻ നടിയും സംരംഭകയുമായ ആര്യയെ വിവാഹം കഴിക്കാനായി ഒരുങ്ങുകയാണ്. ഇരുവരുടെ വിവാഹനിശ്ചയം ലളിതമായാണ് നടന്നത്. ഇതിനുപിന്നാലെ സിബിന്റെ മുൻഭാര്യ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സ്വന്തം മകനെ നോക്കാത്തവനാണ് സിബിനെന്നും തന്നെ പലപ്പോഴായി ഉപദ്രവിച്ചിട്ടുണ്ടെന്നുമായിരുന്നു മുൻഭാര്യയുടെ ആരോപണങ്ങൾ. ഇതോടെ സിബിനെതിരെ വലിയ രീതിയിലുളള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ മുൻഭാര്യയുടെ ആരോപണങ്ങൾക്ക് ആദ്യമായി മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിബിൻ. ഒരു യൂട്യൂബ് ചാനലിലൂടെയാണ് സിബിൻ പ്രതികരിച്ചിരിക്കുന്നത്.

'മകനെ നോക്കാത്തവൻ എന്നാണ് എനിക്ക് പൊതുവേ ലഭിക്കുന്ന ആക്ഷേപം. മകന് രണ്ട് വയസ് കഴിഞ്ഞപ്പോഴാണ് എന്നിൽ നിന്ന് അക​റ്റി കൊണ്ടുപോയത്. അന്ന് തൊട്ട് എല്ലാ മാസവും മകനെ കാണാൻ ബംഗളൂരുവിൽ പോകുമായിരുന്നു. മുൻഭാര്യ പലപ്പോഴും മകനെ കാണിക്കാതിരുന്ന സമയമുണ്ട്. അപ്പോഴും എല്ലാ മാസവും ഞാൻ മകന് 25,000 രൂപ വീതം അയച്ചുകൊടുക്കുമായിരുന്നു. മുൻ ഭാര്യയുടെ അക്കൗണ്ടിലാണ് ഞാൻ പണം അയക്കുന്നത്. മകനെ മുൻഭാര്യയുടെ ഫ്ളാ​റ്റിന്റെ കാർ പാർക്കിംഗിലോ ടെറസിൽ നിന്നോ ആണ് കാണുന്നത്.

മകനെ കാണാൻ സാധിക്കില്ലെന്ന് പറഞ്ഞ് കോടതിയിൽ ഞാൻ കേസ് ഫയൽ ചെയ്തിരുന്നു. ഞാൻ ഡിവോഴ്സ് കൊടുക്കുന്നില്ലെന്ന് മുൻഭാര്യ പല അഭിമുഖങ്ങളിലും ആരോപിച്ചിരുന്നു. ഞാനാണ് ഡിവോഴ്സിനായി ആദ്യം കോടതിയെ സമീപിച്ചത്. മുൻഭാര്യയ്ക്ക് ഓരോ ദിവസവും ഒരുപാട് മെസേജുകൾ അയക്കും. മകനെ കാണാൻ വേണ്ടിയാണ് മെസേജ് അയക്കുന്നത്. ഫോൺ വിളിക്കും. പക്ഷെ ഫോൺ എടുക്കില്ല. എന്നാൽ കാശ് കിട്ടേണ്ട സമയം കഴിഞ്ഞാൽ അവർ ഇങ്ങോട്ട് വിളിക്കും. എന്നെ പലരീതിയിലും മോശമായി ചിത്രീകരിക്കാനാണ് അവർ ശ്രമിക്കുന്നത്.

എന്റെ മകനെ ഏത് സ്‌കൂളിലാണ് ചേർത്തതെന്നുപോലും അവർ പറഞ്ഞിട്ടില്ല. ഇതൊന്നും ഞാൻ പറയില്ലായിരുന്നു. വേറെ വഴിയില്ലാതെയാണ് പറയുന്നത്. മുൻഭാര്യയുടെ പ്രതീക്ഷയ്ക്ക് പ​റ്റിയ ഭർത്താവല്ല ഞാൻ. മകന് എന്നെ അറിയില്ല. ഇപ്പോഴും ഞാൻ ആഗ്രഹിച്ച പോലെയല്ല എന്റെ ജീവിതം പോകുന്നത്. ഇത്രയും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കുമെന്ന് ഞാൻ ചിന്തിച്ചിട്ടേയില്ല. 23-ാം വയസിലായിരുന്നു ആദ്യവിവാഹം. മകനെ പ്രസവിക്കുന്നത് തിരുവനന്തപുരത്തെ ഏ​റ്റവും വലിയ ആശുപത്രിയിലായിരുന്നു. അന്നെനിക്ക് തുച്ഛമായ വരുമാനമായിരുന്നു. ഒരു ഫോർ സ്​റ്റാർ ഹോട്ടലിലായിരുന്നു മകനെ പിറന്നാൾ ആഘോഷിച്ചത്. എന്റെ ജീവിതത്തിൽ വലിയ പ്രാധാന്യമാണ് കൊടുത്തത്. ഇനി എന്റെ ഭാര്യയാകാൻ പോകുന്നയാളെയും മകളെയും പരിഗണിക്കണം. മകൾ എന്റെ പേരുകേൾക്കുമ്പോൾ തല ഉയർത്തി പിടിക്കണം'- സിബിൻ പറഞ്ഞു.