mr-ajith-kumar

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി. വിജിലൻസ് നൽകിയ ക്ലീൻചിറ്റ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. തിരുവനന്തപുരം കവടിയാറിൽ ഭാര്യാസഹോദരന്റെ പേരിൽ അജിത് കുമാർ വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ടായിരുന്നു വിജിലൻസ് അന്വേഷണം നടന്നത്. ഇതിനെതിരെ അഭിഭാഷകനായ നാഗരാജ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

സെന്റിന് 70 ലക്ഷം രൂപ വിലവരുന്ന ഭൂമി വാങ്ങി അവിടെ ആഡംബര വീട് നിർമിച്ചു. അഴിമതി പണം ഉപയോഗിച്ചാണ് ഭൂമി വാങ്ങി വീട് വച്ചതെന്നാണ് ഉയർന്ന ആക്ഷേപം. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശി എഡിജിപിയെ വഴിവിട്ട് സഹായിച്ചതായും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. അജിത് കുമാറിനെ കുറ്റവിമുക്തനാക്കി ക്ലീൻചിറ്റ് നൽകിയത് ഉന്നത സ്വാധീനം കൊണ്ടാണെന്നും നാഗരാജ് സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. ഹർജി പരിഗണിച്ച കോടതി, വിജിലൻസ് റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ക്ലീൻചിറ്റ് തള്ളിയത്. ഇതോടെ വീണ്ടും എംആർ അജിത് കുമാറിനെതിരെ അന്വേഷണം ഉണ്ടാകും.

ലിഫ്റ്റ് ഉൾപ്പെടെയുള്ള അത്യാഡംബര സംവിധാനങ്ങളുള്ള വീടാണ് കവടിയാറിൽ അജിത് കുമാർ നിർമിച്ചത്. സർക്കാർ ശമ്പളം വാങ്ങുന്ന ഒരാൾക്ക് ഇത്രയും കോടികളുടെ ഭവനം എങ്ങനെ നിർമിക്കാനാകും എന്ന ചോദ്യം ആദ്യമേ ഉയർന്നിരുന്നു. എന്നാൽ, അജിത് കുമാർ ലോൺ എടുത്തിരുന്നുവെന്നും ഭാര്യാ സഹോദരനിൽ നിന്നും പണം വാങ്ങിയെന്നുമെല്ലാം കാട്ടിയാണ് വിജിലൻസ് അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകിയത്.